kona
കോനാവയലിൽ നശിച്ച തെങ്ങിൻതോപ്പ്

പത്തനംതിട്ട: വെള്ളക്കെട്ട് മൂലം പത്തനംതിട്ട നഗരസഭയിലെ കോനാവയൽ പാടത്തെ കൃഷി മുടങ്ങി. കർഷകശ്രീ അവാർഡ് ജേതാവ് അടക്കം നിരവധി കർഷകർ നെല്ലും പച്ചക്കറികളും വാഴയും തെങ്ങും കൃഷി ചെയ്തിരുന്ന കോനാവയലിലെ ഇപ്പോഴത്തെ കാഴ്ച ദയനീയമാണ്. നഗരസഭയിൽ കുമ്പഴയ്ക്കും മൈലപ്രയ്ക്കും ഇടയ്ക്കുള്ള താഴ്ന്ന പ്രദേശമാണ് കോനാവയൽ. സമീപത്തെ തോട്ടിലെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിനിന്ന് കൃഷി സ്ഥലത്തേക്ക് കയറി. വാഴയും തെങ്ങുകളുമെല്ലാം ചീഞ്ഞുനശിച്ചു. നല്ലപോലെ കായ്ഫലം നൽകിയിരുന്ന മുന്നൂറോളം തെങ്ങുകൾ അഴുകിപ്പോയിട്ടുണ്ട്. ചേനയും കാച്ചിലുമൊന്നും കൃഷി ചെയ്യാൻ പറ്റാത്തസ്ഥിതി. ആശാരിപ്പടി - െഎ.ടി.സി റോഡിൽ അങ്കണവാടിക്ക് മുന്നിലെ തോട്ടിലാണ് വെള്ളം കെട്ടിനിൽക്കുന്നത്. ഇവിടേക്ക് ഇറച്ചി മാലിന്യങ്ങൾ തള്ളുന്നത് കാരണം ദുർഗന്ധവുമുണ്ട്. തോട്ടിലെ വെള്ളം സമീപത്തെ പെരിയംപാടം വഴി കണിയാംതോട്ടിലെത്തി അച്ചൻകോവിലാറ്റിലേക്കാണ് ഒഴുകേണ്ടത്.

കോനാവയലിനും പെരിയംപാടത്തിനും നടുവിലൂടെയുള്ള കണിയാംതോട് ഒഴുക്ക് തടസപ്പെട്ട് ചില ഭാഗങ്ങളിൽ നികന്നു. കണിയാംതോട്ടിലെ ഒഴുക്ക് സുഗമമാക്കിയാൽ കോനാവയലിലെ വെള്ളം ഇറങ്ങും. ഇക്കാര്യം ചൂണ്ടിക്കാട്ടി കർഷകശ്രീ ജേതാവ് കൈനിക്കര കെ.കെ ബാലൻ ഉൾപ്പെടെയുള്ള കർഷകർ പത്തനംതിട്ട കൃഷിഭവൻ, ആർ.ഡി.ഒ, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി അയച്ചെങ്കിലും നടപടി ഉണ്ടായില്ല. രണ്ടുതവണ പത്തനംതിട്ട നഗരസഭയിലെ കർഷകശ്രീ അവാർഡ് ലഭിച്ചിട്ടുണ്ട് ബാലന്. പ്രമോദ്, പ്രദീപ്, പതുപ്പറമ്പിൽ രാധാകൃഷ്ണൻനായർ, കുറുവക്കാട്ട് രഘു, തമ്പി തുടങ്ങിയവരായിരുന്നു കോനാവയലിലെ മറ്റ് കർഷകർ. വെള്ളക്കെട്ട് കാരണം ഇപ്പോൾ ഒരു കൃഷിയുമില്ല. വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കിയാൽ ഇനിയും കൃഷി ചെയ്യാൻ തയ്യാറാണ് ഇൗ കർഷകർ.

എല്ലാ കൃഷികളും ചെയ്തിരുന്ന കോനായവലിൽ വെള്ളം കെട്ടിനിൽക്കുന്ന ഭാഗത്ത് പായലും കയറി. ഒരു വശത്ത് പണകൾ കെട്ടി പച്ചക്കറിയും മറ്റ് കൃഷികളും തെങ്ങുമെല്ലാം കൃഷി ചെയ്തിരുന്ന കോനാവയൽ പാടം ഗ്രാമത്തിന്റെ ഐശ്വര്യമായിരുന്നു.

-------------------------

'' കോനാവയൽ പാടത്ത് വെള്ളക്കെട്ട് കാരണം കൃഷി ചെയ്യാൻ കഴിയുന്നില്ല. കണിയാംതോട് പഴയ രീതിയിൽ തുറന്നുവിട്ടാൽ വെള്ളം ഒഴിഞ്ഞുപോകും. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര നടപടിയെടുക്കണം.

കൈനിക്കര കെ.കെ. ബാലൻ, കർഷകശ്രീ അവാർഡ് ജേതാവ്.

'' കോനാവയൽ ഭാഗത്തെ കർഷകരുടെ പ്രശ്നങ്ങൾ അറിയാം. എന്തു ചെയ്യാൻ പറ്റുമെന്ന് ആലോചിക്കാൻ ഉടനെ യോഗം വിളിക്കും.

ഇന്ദിരാ മണിയമ്മ, നഗരസഭ കൗൺസിലർ

---------------

കൃഷി മുടങ്ങിയിട്ട് 2 വർഷം

വെള്ളം ഒഴുകിപ്പോകാൻ സൗകര്യമുണ്ടാക്കിയാൽ വീണ്ടും കൃഷിക്ക് തയ്യാറെന്ന് കർഷകർ