കോന്നി : കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തിച്ചികിത്സയും എം.ബി.ബി.എസ് കോഴ്സും തുടങ്ങുന്നതിന് മുന്നോടിയായി 286 തസ്തികകൾ കൂടി അനുവദിച്ചു. ഇതിൽ 26 എണ്ണം അദ്ധ്യാപകരുടേതാണ്. ബാക്കിയുള്ള 260 തസ്തികകളിൽ പാർട്ട് ടൈം സ്വീപ്പർ, ആശുപത്രി അറ്റൻഡർ, നഴ്‌സിംഗ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷ്യൻ, സ്റ്റാഫ് നഴ്‌സ്, സെക്യൂരിറ്റി വിഭാഗം തുടങ്ങിയ തസ്തികകളുമുണ്ട്. കിടത്തിച്ചികിത്സ തുടങ്ങുന്നതിന് ആവശ്യമായ ആശുപത്രി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള പണം കൂടി ഇനി ലഭിക്കേണ്ടതുണ്ട്. ഫെബ്രുവരി എട്ടിനാണ് കിടത്തിച്ചികിത്സ തുടങ്ങുന്നത്. കാഷ്വാലിറ്റി, ഐ.സി.യു, ഓപ്പറേഷൻ തീയറ്റർ ഉൾപ്പടെയുള്ള സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്.
തിങ്കൾ മുതൽ ശനി വരെയുള്ള എല്ലാ ദിവസങ്ങളിലും ജനറൽ, ഫിസിഷ്യൻ എന്നീ ഒ.പി കൾ പ്രവർത്തിക്കുന്നുണ്ട്. ഇ.എൻ.ടി, പീഡിയാട്രിക്‌സ്, ഓർത്തോ, സർജറി, കമ്മ്യൂണിറ്റി മെഡിസിൻ, ഒഫ്ത്താൽമോളജി, സൈക്യാട്രി എന്നീ ഒ.പിവിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഒ.പി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ത്വക്ക് രോഗവിഭാഗം ഉൾപ്പടെ ഉടൻ ആരംഭിക്കും.
രണ്ടാംഘട്ടം ഉടൻ തുടങ്ങും
കിഫ്ബിയിൽ നിന്ന് അനുവദിച്ച 241.01 കോടി രൂപ ഉപയോഗിച്ചുള്ള രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും. ആദ്യഘട്ടത്തിൽ 115 കോടി രൂപയാണ് ചെലവഴിച്ചത്.പുതിയ ആശുപത്രി ബ്ലോക്ക്, കോളേജ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഹോസ്റ്റൽ, ടൈപ്പ് എ, ബി, സി, ഡി അപ്പാർട്ട്‌മെന്റുകൾ, ഡീൻസ് വില്ല, ഓഡിറ്റോറിയം, മോർച്ചറി, ലോൺട്രി തുടങ്ങിയാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിക്കുന്നത്.
കിടത്തി ചികിത്സ തുടങ്ങുന്നതിനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. എല്ലാ വിധ സൗകര്യങ്ങളും ഒരുക്കും. ആദ്യഘട്ടത്തിൽ നൂറ് കിടക്കകളാണ് ഒരുക്കുന്നത്. പിന്നീട് ഇത് മുന്നൂറായി ഉയർത്തും. 24 മാസത്തിനകം നിർമ്മാണം പൂർത്തീകരിക്കുന്ന നിലയിലാണ് രണ്ടാം ഘട്ട പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
കെ.യു.ജനീഷ് കുമാർ
(എം.എൽ.എ)
-