പത്തനംതിട്ട: ആറൻമുളക്കാരുടെ കരഭൂമി റവന്യു രേഖകളിൽ തോട്ടം ഭൂമിയായി. വീട് വച്ച് താമസിക്കുന്നവരുടെയും വീടില്ലാത്തവരുടെയും ഭൂമി എങ്ങനെ തോട്ടം ഭൂമിയുടെ പട്ടികയിൽ വന്നുവെന്ന് അറിയാവുന്നത് റവന്യു ഉദ്യോഗസ്ഥർക്ക് മാത്രം. ആറൻമുള വിമാനത്താവള പദ്ധതിക്കു വേണ്ടി റവന്യു രേഖകളിൽ തിരുത്തലുകൾ നടത്തിയതാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ആറൻമുള, കിടങ്ങന്നൂർ, മല്ലപ്പുഴശേരി വില്ലേജുകളിൽ താമസിക്കുന്ന ചിലർ 2020 - 21ലെ കരം അടച്ചപ്പോൾ താമസിക്കുന്നിടവും സ്ഥലവും തോട്ടം ഭൂമിയാണെന്ന് കണ്ട് ഞെട്ടി. ആറൻമുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ താമസിക്കുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ വീടും സ്ഥലവും കഴിഞ്ഞ ദിവസം കരം അടച്ചപ്പോൾ തോട്ടം ഭൂമി പട്ടികയിലാണ്. കരഭൂമി റവന്യു രേഖകളിൽ തോട്ടം ഭൂമിയാക്കി കൃത്രിമം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടും രേഖകൾ ശരിയായി തിരുത്തണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖമന്ത്രിക്കും റവന്യു മന്ത്രിക്കും പരാതി അയച്ചു. കഴിഞ്ഞ രണ്ട് വർഷത്തെ കരം അടച്ച് രസീത് വാങ്ങിയപ്പോഴാണ് വീടും സ്ഥലവും തോട്ടം ഭൂമിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ആറൻമുള വിമാനത്താവളത്തിന് വേണ്ടി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്ത് സ്വാധീനത്തിന് വഴങ്ങിയ റവന്യു ഉദ്യോഗസ്ഥർ രേഖയിൽ മാറ്റം വരുത്തിയതായിരിക്കാമെന്ന് അദ്ദേഹം പരാതിയിൽ പറയുന്നു. റവന്യുമന്ത്രിക്ക് പരാതി അയച്ചിട്ട് മറുപടി ലഭിക്കാതിരുന്നതിനാലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തിരുവനന്തപുരം സെൻട്രൽ സർവേ സൂപ്രണ്ട് ഒാഫീസിലെ പഴയ രേഖ പരിശോധിച്ചപ്പോൾ കരഭൂമിയായിട്ടാണ് ഇപ്പോഴുമുള്ളത്.
ആറൻമുള, മല്ലപ്പുഴശേരി വില്ലേജുകളിൽ മൂന്ന് സെന്റുള്ള ഭൂമിയുടെ സ്വഭാവവും തോട്ടം എന്ന പട്ടികയിലാണ്.
രേഖകൾ തിരുത്തിയതിന് പിന്നിൽ വിമാനത്താവള പദ്ധതിക്കാരും റവന്യു ഉദ്യോഗസ്ഥരുമെന്ന് ആക്ഷേപം
1. സ്ഥലം കാണിച്ചുള്ള വായ്പ അപേക്ഷകൾ ബാങ്കുകാർക്ക് നിരസിക്കാം.
2. വീട് ഉൾപ്പെടെ കെട്ടിടം നിർമിക്കുന്നതിന് തടസമുണ്ടാകും.
3. കരഭൂമിയിൽ നിന്ന് ഒഴിവായാൽ സ്ഥലം വ്യവസായ ആവശ്യത്തിന് ഇഷ്ടംപോലെ വാങ്ങിക്കൂട്ടാം.
'' വിമാനത്താവള പദ്ധതിക്കുവേണ്ടിയുള്ള റീസർവേയുടെ ഭാഗമായി കര ഭൂമി തോട്ടം ഭൂമിയാക്കി തിരുത്തിയതാകാം. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണം. രേഖകളിൽ കൃത്രിമത്വം കാണിച്ച റവന്യു ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം.
എ. പദ്മകുമാർ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്.
'' ഇക്കാര്യം ശ്രദ്ധയിൽ പെട്ടിട്ടില്ല. പരാതികൾ ഒന്നും ലഭിച്ചിട്ടില്ല. ഒാൺലൈനിൽ കരം അടയ്ക്കുമ്പോൾ ഇത്തരം പിശകുകൾ സംഭവിക്കാം.
എസ്.ഹരികുമാർ, അടൂർ ആർ.ഡി.ഒ