പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന്റെ പേരിലെ തർക്കംകാരണം 13 യു. ഡി. എഫ് കൗൺസിലർമാർ നഗരസഭ കൗൺസിലിൽ പങ്കെടുക്കാനെത്തിയത് കറുത്തബാഡ്ജ് ധരിച്ച് . സ്റ്റേഡിയവുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണാ പത്രത്തിൽ സ്റ്റേഡിയത്തിന് പേര് നൽകുന്നതിൽ വ്യക്തത വരുത്താത്തതിലുള്ള പ്രതിഷേധമായാണ് ബാഡ്ജ് ധരിച്ചത്. മാലിന്യ സംസ്കരണം, തെരുവ് വിളക്ക് പരിപാലനം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായിരുന്നു യോഗം വിളിച്ചുചേർത്തത്.
സ്റ്റേഡിയത്തിന് കെ.കെ.നായരുടെ പേരിട്ടത് ഒഴിവാക്കിയോ എന്നതിനെക്കുറിച്ച് യു.ഡി.എഫ് പാർലമെന്ററി ലീഡർ കെ. ജാസിംകുട്ടി ചോദ്യം ഉന്നയിച്ചു. മന്ത്രി ഇ. പി. ജയരാജന്റെ ഫേസ് ബുക്ക് പോസ്റ്റിൽ സ്റ്റേഡിയത്തിന് ആ പേരുള്ളതായി കണ്ടില്ലെന്നും ബ്ലസൻ ജോർജിന്റെ പേരാണ് നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി ധാരണാപത്രത്തിന്റെ കോപ്പി കൗൺസിൽ അംഗങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. കെ.കെ നായരുടെ പേരിട്ടുകൊണ്ടാണ് ധാരണാപത്രം ഒപ്പിട്ടതെന്നും കോപ്പി കൗൺസിൽ അംഗങ്ങൾക്ക് നൽകുന്നതിന് നടപടി സ്വീകരിക്കുമെന്നുംനഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു. മാലിന്യ സംസ്കരണത്തിന് വേഗത്തിൽ പരിഹാരം കാണാനും തീരുമാനമായി.