കടമ്പനാട് : നവീകരണത്തിന് ചിലവാക്കിയത് ലക്ഷങ്ങൾ .എന്നിട്ടും ചന്തം ക്ഷയിച്ച് മണ്ണടി താഴത്ത് ചന്ത. നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് മണ്ണടി താഴത്ത് ചന്തക്ക് . കാർഷിക ഗ്രാമമായ മണ്ണടിയുടെ പ്രധാന സാമ്പത്തിക വ്യവഹാര കേന്ദ്രമായിരുന്നു. നാടും നഗരവും സൂപ്പർ മാർക്കറ്റിലേക്കൊതുങ്ങിയപ്പോൾ താഴത്ത് ചന്തയുടെ പ്രതാപവും ക്ഷയിച്ചു. ഗ്രാമത്തിന്റെ സംസ്കൃതിയുടെ ഭാഗമായി ചന്ത പുനരാരംഭിക്കാൻ നിരവധി പരിശ്രമങ്ങൾ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ നടന്നു. കാർഷിക വിപണിക്ക് കെട്ടിടം പണിതു. കുടുംബശ്രീ അംഗങ്ങളുടെ ഉദ്പന്നങ്ങൾ വിറ്റഴിക്കാൻ പ്രത്യേകം വനിതാ വിപണന കേന്ദ്രം. ടോയ്ലറ്റ് കോംപ്ലക്സ് എന്നിവയെല്ലാം ഉണ്ട് . പക്ഷേ എല്ലാം അടഞ്ഞുകിടക്കുകയാണ്. ചന്ത പുനർ പ്രവർത്തനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഈ കെട്ടിട്ടങ്ങളെല്ലാം പണിതത്. ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിച്ചാണ് ഈ കെട്ടിടങ്ങൾ പണിതത്. കഴിഞ്ഞ പഞ്ചായത്തു ഭരണ സമിതി തിങ്കളും വ്യാഴവും രാവിലെ ആഴ്ച ചന്തകൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കുകയും ഏതാനും ആഴ്ചകൾ പ്രവർത്തിക്കുകയും പിന്നീട് മുടങ്ങുകയും ചെയ്തു. മീൻ കച്ചവടക്കാർ എത്താത്തതിനാലാണ് ചന്തയുടെ പ്രവർത്തനം മുടങ്ങിയതെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ മീൻ കച്ചവടക്കാർ റോഡിനിരുവശവും കച്ചവടമുണ്ട് താനും.
കർഷകരുടെ ഉദ്പ്പന്നം മൊത്തക്കച്ചവടക്കാരിലേക്ക്
കർഷകരുടെ ഉദ്പ്പന്നങ്ങൾ കർഷകർക്ക് നേരിട്ട് ഇടനിലക്കാരില്ലാതെ മൊത്ത കച്ചവടക്കാരിലെത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് കാർഷിക വിപണിക്ക് കെട്ടിടം പണിതത്. കെട്ടിടം പണിയുന്നതിനു മുൻപ് കൃഷിക്കാരുടെ ഏതാനും ഗ്രൂപ്പുകൾ രൂപീകരിച്ചതല്ലാതെ മറ്റ് നടപടികൾ ഒന്നും ഉണ്ടായില്ല. കൃഷിയും കച്ചവടവും നടന്നില്ല. കെട്ടിടം പൊടി പിടിച്ച് നശിക്കുന്നു. കുടുംബശ്രീയിലെ അംഗങ്ങൾ സ്വയം തൊഴിലായി ചെയ്യുന്ന ഉദ്പന്നങ്ങൾ വിറ്റഴിക്കാനാണ് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് മറ്റൊരു കെട്ടിടം പണിതത് ഇതും ഉദ്ഘാടനം നടന്നതല്ലാതെ പ്രവർത്തനം ഇല്ലാതെ പൂട്ടിയിട്ടിരിക്കുകയാണ്. മാലിന്യ സംസ്ക്കരണ പ്ലാന്റ് വർഷങ്ങൾക്ക് മുന്നേ സ്ഥാപിച്ചു ഇതും നശിച്ചു. 2009 - 10 മുതൽ 75 ലക്ഷത്തിലധികം രൂപ നവീകരണത്തിനായി ചിലവഴിച്ചു. ചന്തയുടെ പ്രവർത്തനം മാത്രമില്ല. ചെട്ടിയാരഴികത്ത് പാലം പണി കഴിയുന്നതോടെ കൊല്ലം ജില്ലയുടെ പ്രദേശങ്ങളിൽ നിന്നും ആളുകളെത്തും. നേരത്തേ കടത്ത് കടന്നാണ് ഇവിടെ നിന്നും ഉള്ളവർ സാധനങ്ങൾ എത്തിച്ചിരുന്നത്.ചന്തയുടെ പ്രവർത്തനം അടിയന്തരമായി പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.