sabari-covid
ശബരിമലയിൽ ജീവനക്കാർക്ക് നടത്തിയ കൊവിഡ് ടെസ്റ്റ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 482 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചു പേർ വിദേശത്ത് നിന്ന് വന്നതും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 473 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 35 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 35,672 പേർക്ക് രോഗം ബാധിച്ചു. ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോർട്ട് ചെയ്തു. തിരുവല്ല സ്വദേശിനി (70) കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും അടൂർ സ്വദേശി (39) എറണാകുളത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. ജില്ലയിൽ ഇന്നലെ 358 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 29056 ആണ്.

കൊവിഡ് രോഗലക്ഷണങ്ങളുളളവർ
പരിശോധന നടത്തണമെന്ന് ഡി.എം.ഒ

പത്തനംതിട്ട: ജില്ലയിൽ കൊവിഡ് വ്യാപനം ഉയർന്ന നിലയിൽ തുടരുന്നതിനാൽ രോഗലക്ഷണങ്ങൾ ഉളളവർ പരിശോധനയ്ക്കായി സ്വയം മുന്നോട്ടുവരണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ ഷീജ അറിയിച്ചു. ദിവസേന നാനൂറിലധികം രോഗബാധിതർ ഉണ്ടാകുന്ന സ്ഥിതിയാണു നിലവിലുളളത്. രോഗലക്ഷണങ്ങളുളളവർ പരിശോധനയ്ക്ക് തയ്യാറാകാതെ വീട്ടിലും സമൂഹത്തിലും ഇടപെഴുകുന്നതു രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതിനു കാരണമാകും. ഗുരുതര രോഗലക്ഷണങ്ങളുളളവർക്കും മുതിർന്ന പൗരന്മാർക്കും ഇത്തരക്കാരിൽ നിന്ന് രോഗബാധ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. രോഗലക്ഷണങ്ങളുളളവർ എത്രയും പെട്ടെന്ന് രോഗനിർണയം നടത്തുന്നതിനും പരിശോധനാ ഫലം ലഭിക്കുംവരെ ക്വാറന്റൈനിലിരിക്കുന്നതിനും തയാറാകണമെന്നും ഡി.എം.ഒ പറഞ്ഞു.
ശാരീരിക അകലം പാലിക്കൽ, കൈകഴുകൽ, മാസ്‌ക് ശരിയായി ഉപയോഗിക്കൽ തുടങ്ങിയ അടിസ്ഥാന പ്രതിരോധ മാർഗങ്ങൾ പലരും ശരിയായി പാലിക്കുന്നില്ല. രോഗവ്യാപനം തടയുന്നതിനും കൂടുതൽ മരണങ്ങൾ ഒഴിവാക്കുന്നതിനും ഉത്തരവാദിത്വത്തോടെയുളള സമീപനം എല്ലാവരുടെയും ഭാഗത്തു നിന്നും ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

സന്നിധാനം ജീവനക്കാർക്ക് തുടർ കൊവിഡ്

പരിശോധന, 3 പേർ പോസിറ്റീവ്

ശബരിമല: മകരവിളക്കിന് മുന്നോടിയായി ശബരിമല സന്നിധാനത്തെ ജീവനക്കാർക്ക് കൊവിഡ് പരിശോധന നടത്തി. സന്നിധാനം മെഡിക്കൽ ഓഫീസർ ഡോ.അരുൺ, ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പരിശോധയിൽ ഉണ്ടായിരുന്നത്.

185 ജീവനക്കാരെ പരിശോധിച്ചപ്പോൾ 3 പേർക്ക് കൊവിഡ് പോസിറ്റീവായി. എമർജൻസി ആംബുലൻസിൽ പമ്പയിലെത്തിച്ച ഇവരിൽ ഒരാളെ സ്വവസതിയിലേക്കും രണ്ട് പേരെ റാന്നി കൊവിഡ് കെയർ സെന്ററിലേക്കും മാറ്റി. കഴിഞ്ഞ മാസം 29 ന് സന്നിധാനത്ത് കൊവിഡ് ടെസ്റ്റ് ക്യാമ്പ് നടത്തിയിരുന്നു. തുടർന്ന് 14 ദിവസം പിന്നിട്ടപ്പോഴാണ് ഇന്നലെ വീണ്ടും ക്യാമ്പ് നടത്തിയത്.
ടെസ്റ്റിൽ പോസിറ്റീവായവരുടെ എണ്ണം കുറഞ്ഞത് അധികൃതർക്കും ഭക്തർക്കും കൂടുതൽ ആശ്വാസം പകരുന്നു.