thiru

പന്തളം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിരുവാഭരണ ഘോഷയാത്ര ശബരീശ സന്നി​ധി​യി​ലേക്ക് പുറപ്പെട്ടു. കൊട്ടാരം കുടുംബാംഗങ്ങൾക്ക് ആശൂലമായതിനാൽ ഈ വർഷം രാജപ്രതിനിധിയില്ലാതെയാണ് ഘോഷയാത്ര.
രാവിലെ 11നു പ്രസിഡന്റ് എൻ. വാസു, ബോർഡംഗം കെ.എസ്. രവി എന്നിവരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അധികൃതർ പന്തളം കൊട്ടാരം ഭാരവാഹികളിൽ നിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. കൊവി​ഡ് ചട്ടങ്ങൾ മാനി​ച്ച് ഭക്തർക്ക് നി​യന്ത്രണം ഉണ്ടായി​രുന്നെങ്കി​ലും നൂറി​ലധി​കം ആളുകൾ ഘോഷയാത്രയെ യാത്രയാക്കാൻ എത്തി​യി​രുന്നു.
പത്തനംതിട്ട ജി​ല്ലാ കളക്ടർ പി.ബി.നൂഹ് ,ജില്ലാ പൊലീസ് മേധാവി പി.ബി.രാജീവ് , മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ പ്രയാർ ഗോപാലകൃഷ്ണൻ, കെ.പത്മകുമാർ, ആർ.ഡി.ഒ ഹരികുമാർ , പന്തളം നഗരസഭാ അദ്ധ്യക്ഷ സുശീല സന്തോഷ്', ഡിവൈ.എസ്.പിമാരായ ആർ.ജോസ്, ബിനു. സി.ഐ എസ്.ശ്രീകുമാർ ,ദേവസ്വം കമ്മി​ഷണർ ബി.എസ്. തിരുമേനി, കെ.കെ.ഷാജു, ദേവസ്വം ഡെപ്യൂട്ടി കമ്മി​ഷണർമാരായ ഡി.സുധീഷ് കുമാർ, വി. കൃഷ്‌കുമാർ വാര്യർ, തിരുവാഭരണം കമ്മി​ഷണർ ടി.കെ.അജിത് പ്രസാദ് , ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷൻ ആർ.വി. ബാബു, തിരുവാഭരണ പാത സംരക്ഷണ സമിതി രക്ഷാധികാരി മാലേത്ത് സരളാദേവി, പ്രസിഡന്റ് അഡ്വ.കെ.വി.ഹരിദാസ്, പി​.മോഹൻരാജ്, കെ.ആർ.രവി തുടങ്ങിയവർ പങ്കാളി​കളായി​.

വരുമാനമോ ലാഭനഷ്ടങ്ങളോ അല്ല, ഭക്തർക്ക് ആത്മീയ ഉണർവ്വു നല്കുന്ന തീർത്ഥാടനമാണ് ദേവസ്വം ബോർഡിനു പ്രധാനം. ശബരിമല തീർത്ഥാടനം ഭക്തർക്കു വികാരപരമായ ഒരു ചടങ്ങാണ്. അതു മുടങ്ങാതെ നടക്കണമെന്നാണു ബോർഡിന്റെ നിലപാട്. ശബരിമല ദർശനം കഴിഞ്ഞ് തികഞ്ഞ സംതൃപ്തിയോടെ തന്നെയാണു ഭക്തർ തിരികെ പോകുന്നത്. അന്നദാനവും മുടങ്ങാതെ നടക്കുന്നു. അപ്പവും അരവണയുമുൾപ്പെടെയുള്ള പ്രസാദങ്ങളും തീർത്ഥാടകർക്ക് ആവശ്യാനുസരണം ലഭ്യമാക്കുന്നുണ്ട്.

എൻ. വാസു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്