പത്തനംതിട്ട: കൊവിഡ് വാക്‌സിൻ വിതരണ ഉദ്ഘാടന ദിനമായ 16ന് ജില്ലയിൽ ഒൻപത് കേന്ദ്രങ്ങളിൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എ.എൽ.ഷീജ അറിയിച്ചു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യം വാക്‌സിൻ നൽകുന്നത്.
പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി, തിരുവല്ല താലൂക്ക് ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി, റാന്നി താലൂക്ക് ആശുപത്രി, അയിരൂർ ആയുർവേദ ജില്ലാ ആശുപത്രി, കൊറ്റനാട് ഹോമിയോ ജില്ലാ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് എന്നിവയാണ് ജില്ലയിലെ വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ. ഒരു കേന്ദ്രത്തിൽ ഒരു ദിവസം പരമാവധി 100 പേർക്കാണ് വാക്‌സിൻ നൽകുന്നത്. ഗവൺമെന്റ്, ആയുഷ്, സ്വകാര്യ മേഖലകളിലെ വിതരണ കേന്ദ്രങ്ങൾ പൂർണ സജ്ജമായി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.