മല്ലപ്പള്ളി - കോട്ടാങ്ങൽ ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിലെ എട്ടു പടയണിക്ക് കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ നാളെ ചൂട്ടുവയ്ക്കും. ഇരുകരകളെയും പ്രതിനിധീകരിച്ച് കരനാഥന്മാരാണ് ചൂട്ടുവയ്ക്കുന്നത്. കുളത്തൂർകരയ്ക്ക് വേണ്ടി പുത്തൂർ രാധാകൃഷ്ണപണിക്കരും കോട്ടാങ്ങൽ കരയ്ക്കു വേണ്ടി കടൂർ രാധാകൃഷ്ണകുറുപ്പും ചൂട്ടുവയ്ക്കും. ശ്രീകോവിലിൽ നിന്ന് മേൽശാന്തി പകർന്നുനൽകുന്ന അഗ്‌നി ചൂട്ടുകറ്റയിലേക്ക് ആവാഹിച്ച്, കരക്കാരുടെ മുഴുവൻ അനുവാദം വാങ്ങിയാണ് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ചൂട്ടുവയ്ക്കുന്നത്. 15ന് ചൂട്ടുവലത്ത്, 16,17 തീയതികളിൽ ഗണപതിക്കോലം, 18, 19 തീയതികളിൽ അടവി. 20,21 തീയതികളിൽ വലിയ പടയണി . കുളത്തൂർ, കോട്ടാങ്ങൽ കരക്കാർ യഥാക്രമം ഒന്നിടവിട്ട ദിവസങ്ങളിലാണ് ക്ഷേത്രത്തിൽ പടയണി അവതരിപ്പിക്കുന്നത്. നടത്തിപ്പിനു വേണ്ടി ആർ ഡി ഒ, എം.എൽ.എ. എന്നിവരുടെ നേതൃത്വത്തിൽ അവലോകനയോഗം നടന്നു.