തിരുവല്ല: തിരുവനന്തപുരം കിളിമാനൂരിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ തിരുവല്ല സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റൂർ പടിഞ്ഞാറ്റോതറ ഒട്ടത്തിൽ വീട്ടിൽ സുധാകരന്റെ മകൻ പി.എസ്. പ്രശാന്ത് (27) ആണ് മരിച്ചത്. കിളിമാനൂർ ഇരട്ടച്ചിറയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് കമിഴ്ന്നുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. ഇയാളുടെ ബൈക്ക് സമീപത്തുണ്ടായിരുന്നു. വാഹന രജിസ്‌ട്രേഷൻ വിവരങ്ങൾ കണ്ടെത്തിയാണ് ആളെ തിരിച്ചറിഞ്ഞത്. ഓതറ പോബ്സൺ ഇന്റസ്ട്രീസിലെ ജീവനക്കാരനാണ്. കഴിഞ്ഞ ആഴ്ച പ്രശാന്തിന്റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. മൊബൈൽ ലഭിച്ചതായി അറിയിച്ച് കിളിമാനൂരിൽ നിന്ന് ഞായറാഴ്ച പ്രശാന്തിന് ഫോൺകോൾ ലഭിച്ചിരുന്നു. ഫോൺ വാങ്ങാനായി ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പ്രശാന്ത് ബൈക്കിൽ കിളിമാനൂർക്ക് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു പൊലീസ് കേസെടുത്തു. സംസ്കാരം പിന്നീട്. അവിവാഹിതനാണ്. മാതാവ്: സാവിത്രി.സഹോദരി: നമിത.