കൊടുമൺ: കാട്ടുപന്നി ശല്യത്തിനൊപ്പം കഴിഞ്ഞ രണ്ടു ദിവസമായി അപ്രതീക്ഷിതമായെത്തിയ മഴയും നെൽക്കൃഷി കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. കഴിഞ്ഞദിവസം തകർത്തു പെയ്ത മഴയിൽ പന്തളം തെക്കേക്കര പഞ്ചായത്തിലെ മാവര പുഞ്ചയിലെ കൃഷി നാശം സംഭവിച്ചു. കൊയ്ത്തിന് പരുവമായി നിന്ന് നെല്ലാണ് മഴയിൽ നശിച്ചത്. തട്ടയിൽ തരിശുകിടന്ന പല പ്രദേശങ്ങളിൽ നെൽക്കൃഷി ഇത്തവണ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം പ്രദേശത്തും നെല്ല് കൊയ്ത്തിന് പരുവമായി നിൽക്കുമ്പോഴാണ് ശക്തമായ മഴ ലഭിച്ചത്. മഴയെക്കാൾ കർഷകരെ ദുരിതത്തിലാക്കുന്നത് കാട്ടുപന്നിയുടെ ആക്രമണമാണ്. കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കൊയ്ത്തിന് പരുവമായ നെൽക്കതിരുകൾ ചവിട്ടി മെതിച്ച് കളയുന്നതും പന്തളം തെക്കേക്കര പഞ്ചായത്തിൽ നിത്യസംഭവമാണ്. കൃഷിഭവനിൽ നിന്നും നെൽക്കൃഷിക്ക് സഹായങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കാട്ടുപന്നിയുടെ ആക്രമണം മൂലം നഷ്ടം സംഭവിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരങ്ങൾ ലഭിക്കുന്നില്ലെന്ന ആക്ഷേപവും കർഷകർ ഉന്നയിക്കുന്നു.