മൂലമറ്റം: എടാട് ശ്രീഭദ്രശ്രീ അയ്യപ്പക്ഷേത്രത്തിലും സമീപത്തെ തെക്കേടത്ത് ബാബുവിന്റെ കടയിലും മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട കടമ്പനാട്ടുകര പുതുവേലിപുത്തൻ വീട്ടിൽ ഓമനക്കുട്ട (57) നെയാണ് പൊലീസ് പിടികൂടിയത്. മണിമലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ഓമനക്കുട്ടനെ മണിമല പൊലീസ് പിടികൂടിയിരുന്നു. 70 മോഷണക്കേസുകളിൽ പ്രതിയാണ്. ഇവിടെ നടത്തിയ ചോദ്യം ചെയ്യലിലാണ് എടാട് ക്ഷേത്രത്തിലെ മോഷണത്തെ കുറിച്ച് പ്രതി പൊലീസിനോട് സമ്മതിച്ചത്. തുടർന്ന് റിമാൻഡിലായ പ്രതിയെ പൊൻകുന്നം ജയിലിൽ നിന്നും കാഞ്ഞാർ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 4 നാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയ ബാബുവാണ് കടയിൽ മോഷണം നടന്ന വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണതത്തിൽ അമ്പലത്തിലും മോഷണം നടന്നതായി കണ്ടെത്തി. കടയിൽ നിന്ന് 1000 രൂപയും ബീഡിയും സിഗററ്റും മോഷണം പോയി. അമ്പലത്തിന്റെ പൂട്ടും അലമാരയും കുത്തി പൊളിച്ച് അവിടെ നിന്ന് താക്കോൽ എടുത്ത് ശ്രീകോവിൽ തുറക്കുകയും ഒരു മാലയും, താലിയും 5000 രൂപയും മോഷണം നടത്തിയിട്ടുണ്ട്. കൂടാതെ സിസിറ്റിവിയുടെ സംവിധാനങ്ങൾ നശിപ്പിച്ചു. സാംസ്‌കാരിക നിലയം കുത്തി പൊളിച്ചെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. എസ്‌ഐ മാരായ എം.കെ.സജീവ്, സജി.പി.ജോൺ, സിപിഒ മാരായ പി.കെ.അനസ്, ജോയി തോമസ്, എം.കെ.മധു. എന്നിവർ ചേർന്നാണ് അന്വേഷണം നടത്തിയത്.