പന്തളം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പന്തളം നഗരസഭയിൽ ഉൾപ്പടെ എൽ ഡി എഫിന് ഉണ്ടായ കനത്ത പരാജയത്തെ തുടർന്ന് സി.പി.എം പന്തളത്ത് ശുദ്ധികലശം തുടങ്ങി .പന്തളം ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന ഇ.ഫസലിനെ മാറ്റി. ഇന്നലെ കൂടിയ ഏരിയാ കമ്മിറ്റി യോഗത്തിൽ ഉപരിഘടകങ്ങളിൽ നിന്ന് പങ്കെടുത്തവർ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തു. സെക്രട്ടറിയുടെ ചുമതല ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ പി.ബി.ഹർഷകുമാറിനു നൽകി.കുരമ്പാല, പന്തളം, മുടിയൂർക്കോണം ,കുളനട, തട്ട കിഴക്ക്, തട്ടപടിഞ്ഞാറ് കമ്മറ്റികളുടെ മേൽനോട്ടം ഉപരി കമ്മിറ്റിയിൽ നിന്നുള്ളവർക്ക് കൂടി നൽകി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭനുവിന് കുരമ്പാലയും പന്തളം ആർ .ഉണ്ണികൃഷ്ണപിള്ളയ്ക്കും മുടിയൂർക്കോണം റ്റി.ഡി ബൈജുവിനും നൽകി. കുളനട ലോക്കൽ കമ്മറ്റിയിൽ ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.സി.രാജഗോപാൽ, ആർ .അജയകുമാർ, ആർ.തുളസിധരൻ പിള്ള ,തട്ടകിഴക്ക് കെ.കെ.ശ്രീധരൻ ,തട്ടപടിഞ്ഞാറ് സി.രാധാകൃഷ്ണൻ എന്നിവർക്കും പ്രവർത്തനം ഏകോപിപ്പിക്കാൻ ചുമതല നൽകി. ഏരിയാ കമ്മറ്റിയിലുണ്ടായിരുന്ന ഒഴിവിലേക്ക് എൽ.സി.അബീഷ്, ലസിതാ നായർ എന്നിവരെക്കൂടി ഉൾപ്പെടുത്തി. എരിയാ കമ്മിറ്റി പരിധിയിൽ തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുള്ള പരാജയത്തെക്കുറിച്ച് കൂടുതൽ പരിശോധനയും നടപടികളും പിന്നീട് ഉണ്ടാകുമെന്ന സൂചനയാണ് ഇന്നലെ നടന്ന ഏരിയാ കമ്മറ്റിയിൽ നേതാക്കൾ നൽകിയത്.