ചെങ്ങന്നൂർ: നഗരമദ്ധ്യത്തിലൂടെ രാത്രിയിൽ യാത്ര ചെയ്ത വള്ളികുന്നം മുളക്കവിളയിൽ ഭാസ്കരന്റെ മകൻ ശ്രീപതിയുടെ കാർ തടഞ്ഞു നിറുത്തി ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയി . ബൈക്കിലെത്തിയ 30 വയസ് തോന്നിക്കുന്ന യുവാവാണ് തട്ടിക്കൊക്കൊണ്ടുപോയത്. വീഡിയോഗ്രാഫറായ ശ്രീപതി കിടങ്ങൂരിൽ നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്നു. ചങ്ങനാശ്ശേരി മുതൽ ബൈക്കിൽ ഒരാൾ പിന്തുടരുന്നത് ശ്രദ്ധയിൽ പ്പെട്ടതായി ശ്രീപതി പറഞ്ഞു. ചെങ്ങന്നൂർ എൻജിനീയറിംഗ് കോളേജ് ജംഗ്ഷൻ കഴിഞ്ഞതോടെ ഇയാൾ മുന്നിൽ കയറുകയും കൈ വീശി കാർ നിറുത്താൻ ആവശ്യപ്പെടുകയും ചെയ്തു. കാര്യം തിരക്കാൻ ഗ്ലാസ് താഴ്ത്തിയപ്പോൾ കത്തി ശ്രീപതിയുടെ കഴുത്തിൽ വച്ചതിന് ശേഷം ഡോർതുറന്ന് അടുത്ത സീറ്റിലേക്ക് നീങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. കുറേദൂരം കാർ ഒാടിച്ച ശേഷം
രണ്ട് പവൻ തൂക്കം വരുന്ന മാലയും ,അറ് ഗ്രാം മോതിരവും പിടിച്ചു വാങ്ങിയ ശേഷം നിരണത്ത് ഇറക്കിവിട്ട് കാറുമായി കടന്നു കളയുകയായിരുന്നത്രേ. . യുവാവ് എത്തിയ ബൈക്ക് രാമങ്കരിയിൽ നിന്ന് മോഷണം പോയതാണന്ന് കാട്ടി സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തട്ടികൊണ്ടുപോയ കാർ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽകണ്ടെത്തി. കേസ് അന്വേഷിക്കുന്നതിനായി സ്പെഷ്യൽ ടീം രൂപീകരിച്ചതായി ഡിവൈഎസ് പി എം.കെ ബിനുകുമാർ പറഞ്ഞു.