പത്തനംതിട്ട : കൊവിഡ്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തീയറ്റർ തുറന്നത് വിജയ് ഫാൻസ് ഉത്സവമാക്കി.
ആദ്യ ഷോയായ തമിഴ് നടൻ വിജയിയുടെ മാസ്റ്റർ കാണാൻ മക്കൾ ഇയക്കം ഫാൻസ് അസോസിയേഷൻ തിയേറ്ററിലെത്തി. മാസ്ക് മുഖ്യം എന്നെഴുതിയ നോട്ടീസും ഫ്ലക്സും തിയേറ്ററിന് പരിസരത്ത് സ്ഥാപിച്ചിരുന്നു. ചിത്രം കാണാനെത്തിയവർക്ക് മാസ്കും ഗ്ലൗസും സാനിറ്റൈസറും നൽകിയിരുന്നു. ഇനി വരുന്ന ചിത്രങ്ങൾക്ക് അതൊരു പ്രേരണ ആകണമെന്നാണ് ആരാധകരുടെ പക്ഷം.
മാർച്ചിൽ കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം തിയേറ്ററുകൾ തുറന്നിട്ടില്ലായിരുന്നു. വലിയ നഷ്ടത്തിലായിരുന്നു തിയേറ്റർ മേഖല. ഇളവുകളുടെ ഒരു ഘട്ടത്തിലും തിയേറ്റർ ഉൾപ്പെട്ടിരുന്നില്ല. ഇപ്പോൾ കൊവിഡ് മാനദണ്ഡം പാലിച്ചാണ് പ്രദർശനം നടത്തുന്നത്. ഒന്നിടവിട്ട സീറ്റുകളിലിരുന്നാണ് സിനിമ കാണാൻ കഴിയുക. ജില്ലയിൽ അഞ്ച് തിയേറ്ററുകളാണ് ഇന്നലെ പ്രദർശനം നടത്തിയത്. പത്തനംതിട്ടയിൽ രണ്ട് തിയേറ്ററുകളിലും, കോന്നി, അടൂർ, പന്തളം എന്നിവിടങ്ങളിലുമാണ് മാസ്റ്റർ പ്രദർശപ്പിക്കുന്നത്. മറ്റുള്ള തിയേറ്ററുകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ജീവനക്കാരടക്കം വലിയ പ്രതിസന്ധിയിലായ മേഖലയാണിത്.
ആളില്ലെങ്കിലും ദിവസവും ഷോ നടത്തേണ്ടി വരുമെന്നതാണ് തിയറ്റർ മേഖല നേരിട്ട ഏറ്റവും വലിയ പ്രശ്നം. ഉപയോഗിച്ചില്ലെങ്കിൽ തകരാറിലാകുന്നതാണ് യന്ത്രങ്ങൾ.
--------------------
"കൊവിഡ് മാനദണ്ഡം പാലിച്ചാണ് ഷോ നടത്തിയത്. വിജയുടെ ഓഫീസിൽ നിന്ന് കൃത്യമായ നിർദേശങ്ങൾ ഫാൻസ് അസോസിയേഷന് ലഭിച്ചിരുന്നു. നിലവിൽ ഷോ കാണുന്നതിനേക്കാൾ ടിക്കറ്റിന് വില കൂട്ടിയെടുത്താണ് ഫാൻസ് അംഗങ്ങൾ ഷോ കാണുന്നത്. ടിക്കറ്റിന്റെ ബാക്കിത്തുക പാവപ്പെട്ടവർക്ക് സഹായമായി നൽകും.
അമർ രാജൻ
(വിജയ് മക്കൾ ഇയക്കം ഫാൻസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി )