14-kaippala-2
നിർമാണം പൂർത്തിയാക്കുന്ന കൈപ്പാലക്കടവ് പാലം

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരവാസികളുടെ ദീർഘനാളായുള്ള കാത്തിരുപ്പിന് വിരാമമിട്ട് കൈപ്പാലക്കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നു. ഏറെ നാളത്തെ ആവശ്യമായിരുന്നു നഗരത്തിലെ കാർഷിക മേഖലകളായ ഇടനാട് മംഗലം കരകളെ ബന്ധിപ്പിച്ച് കൊണ്ട് വരട്ടാറിന് കുറുകെയുള്ള പാലം. 12 കോടി രൂപ വകയിരുത്തിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

പാലത്തിന്റെ നിർമാണത്തിനായി പൊതുമരാമത്ത് വകുപ്പ് ഒൻപത് കോടി രൂപയും സ്ഥലം ഏറ്റെടുക്കുന്നതിനായി മൂന്ന് കോടി രൂപയും അനുവദിച്ചതിനെ തുടർന്ന് 2018ൽ മന്ത്രി ജി.സുധാകരനാണ് പാലത്തിന്റെ നിർമ്മണോദ്ഘാടനം നിർവഹിച്ചത്. 7.50 മീറ്റർ വീതിയുള്ള ക്യരേജ് വേയും 1.50 മീറ്റർ വീതിയിൽ ഇരുവശങ്ങളിലുമുള്ള നടപ്പാതയും ഉൾപ്പെടെ 11 മീറ്ററാണ് പാലത്തിന്റെ വീതി. 131.20 മീറ്ററാണ് പാലത്തിന്റെ ആകെ നീളം. ഒരു ബൈപ്പാസിന്റെ ഗുണമാണ് കൈപ്പാലക്കടവ് പാലം തുറക്കുന്നതോടെ യാഥാർത്ഥ്യമാകുന്നത്. ചെങ്ങന്നൂരിൽ നഗരത്തിലെ ഗതാഗതക്കുരുക്കിനും ഇതോടെ പരിഹാരമാകും. എംസി റോഡിൽ തിരുവല്ല ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ചെങ്ങന്നൂർ ടൗണിൽ പ്രവേശിക്കാതെ കല്ലിശേരിയിൽ നിന്നും തിരിഞ്ഞ് മംഗലം കൈപ്പാലക്കടവ് പാലം കടന്ന് ഇടനാട് പുത്തൻകാവ് വഴി എം.സി റോഡിൽ മുളക്കുഴ സെഞ്ച്വറി ഹോസ്പിറ്റൽ ജംഗ്ഷനിൽ എത്താൻ കഴിയും. തിരുവനന്തപുരത്തേക്ക് പോകുന്നവർക്കും ഈ വഴി ഉപയോഗിക്കാൻ സാധിക്കും. കോഴഞ്ചേരി,പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവർക്കും പാലം ഉപയോഗപ്പെടുത്തുന്നതോടെ വളരെ ദൂരം ലാഭിക്കാം. പാലത്തിന്റെ അവസാന വട്ട പണികളും ഏകദേശം പൂർത്തിയായിക്കഴിഞ്ഞതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു.