ഓമല്ലൂർ: മാസ്‌ക് ധരിച്ചാലും മാറാത്ത നാറ്റമാണ് ഓമല്ലൂർ വില്ലേജ് ഓഫീസിലും കൃഷിഭവനിലും എത്തുന്നവരെ കാത്തിരിക്കുന്നത്. മാർക്കറ്റിനുള്ളിലെ ദുർഗന്ധം മൂക്കിലേക്ക് അടിച്ചു കയറുകയാണ്. ഓമല്ലൂരുകാർ ഇത് സഹിക്കാൻ തുടങ്ങിയിട്ട് വർഷം പത്താകുന്നു. പുതിയ പഞ്ചായത്ത് ഭരണ സമിതിക്കു മുന്നിൽ നാട്ടുകാർക്ക് ഇപ്പോൾ പറയാനുള്ള ഒരേയൊരു പരാതി ആധുനിക അറവ് ശാലയുടെയും മാലിന്യ നിർമ്മാർജനത്തിനുള്ള ബയോഗ്യാസ് പ്‌ളാന്റിന്റെയും നിർമ്മാണം പൂർത്തീകരിച്ചു തരണമെന്നാണ്. മാലിന്യം ശരിയായി സംഭരിക്കാനും സംസ്‌കരിക്കാനും പഞ്ചായത്തിൽ സംവിധാനമില്ല. മാർക്കറ്റിനുള്ളിൽ കിടക്കുന്ന മാലിന്യം മഴയിൽ ചീഞ്ഞുനാറുന്നു.
2011 -12ൽ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം തുടങ്ങിയതാണ് അറവ് ശാലയും ബയോഗ്യാസ് പ്‌ളാന്റും. 35ലക്ഷം രൂപ അടങ്കൽ തുക നിശ്ചയിച്ച് തുടങ്ങിയ അറവ്ശാല നിർമ്മാണത്തിന് 23ലക്ഷം ചെലവാക്കി. സെപ്റ്റിക്ക് ടാങ്ക് ഉൾപ്പെടെ പണികൾ 80 ശതമാനം പൂർത്തിയായപ്പോൾ കരാറുകാരൻ കൈയൊഴിഞ്ഞു. വൈദ്യുതീകരണത്തിന് 2014-15 സാമ്പത്തിക വർഷം 7.27ലക്ഷം രൂപ വകയിരുത്തിയെങ്കിലും പണി നടന്നില്ല. യന്ത്രവൽക്കരണത്തിന് ഇതേ വർഷം 9 ലക്ഷവും അനുവദിച്ചിരുന്നു.
ദിവസം 100 കിലോ മാലിന്യം നിർമ്മാർജനം ചെയ്യാൻ കഴിയുന്നതായിരുന്നു ബയോഗ്യാസ്. അതിന്റെ പണിയും മുടങ്ങി.
'' അറവ് ശാലയും ബയോഗ്യാസ് പ്‌ളാന്റും പൂർത്തിയാക്കണമെന്ന് കഴിഞ്ഞ ഭരണസമിതിയോട് പല തവണ ആവശ്യപ്പെട്ടിരുന്നു. പുതിയ ഭരണ സമിതി ഇക്കാര്യങ്ങൾക്ക് ആദ്യ പരിഗണന നൽകണം.
രവീന്ദ്രവർമ്മ അംബാനിലയം,
(ഓമല്ലൂർ ഗ്രാമ സംരക്ഷണ സമിതി പ്രസിഡന്റ്)
'' ഫയൽ പരിശോധിക്കും. 20ന് പഞ്ചായത്ത് കമ്മറ്റിയിൽ വിഷയം ചർച്ച ചെയ്യും.
ജോൺസൺ വിളവിനാൽ
(ഓമല്ലൂർ പഞ്ചായത്ത് പ്രസി.)