ഇലവുംതിട്ട: എ.ടി.എം കൗണ്ടറുകൾ ഒന്നിച്ച് തകരാറിലായി. ഇടപാടുകാർ വലഞ്ഞു. ചന്തദിവസമായ ഇന്നലെ കൗണ്ടറുകളിൽ പണമില്ലാതെ വന്നപ്പോൾ പലരും ദൂര സ്ഥലങ്ങളിൽ പോയി പണം എടുക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും ബാങ്കുകളിൽ നിന്ന് ടോക്കൺ നേടി പണമെടുക്കൾ ആളുകൾ തിരക്ക് കൂട്ടേണ്ടി വന്നു. ജംഗ്ഷനിൽ നാല് എ.ടി.എം കൗണ്ടറുകളാണ് ഉളളത്. ചന്തയിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പത്തുമണിക്ക് മുമ്പ് ഓഫീസുകളിലും മറ്റും പോകേണ്ടിയിരുന്നവർക്കാണ് ഏറെ ദുരിതം നേരിടേണ്ടി വന്നത്. നാലിടത്തുമായി ഓടി നടന്ന് കഷ്ടപ്പെട്ട ശേഷമാണ് ആൾക്കാർ അമ്പലക്കടവ്, ഊന്നുകൽ,കുഴിക്കാല എന്നിവിടങ്ങളിലെത്തി പണമെടുത്തത്. ടോക്കൺ എടുത്തവരും മണിക്കൂറുകളോളം ബാങ്ക് ശാഖകളിൽ ക്യൂ നിൽക്കേണ്ടി വന്നു. ഇത്തരം ബുദ്ധിമുട്ട് ഓഴിവാക്കാൻ ബാങ്കുകൾ കൂടിയാലോചിച്ച് നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.