ശബരിമല: മകരവിളക്കിന് ശബരിമല സജ്ജമായി. തീർത്ഥാടകരുടെ കൊവിഡ് പരിശോധന സർട്ടിഫിക്കറ്റും, ദർശനത്തിനായി ഓൺലൈനിൽ ബുക്കുചെയ്ത ചെയ്ത പേപ്പറുകളും നിലയ്ക്കലിലും, പമ്പയിലും പൊലീസ് പരിശോധിക്കുന്നുണ്ട്. മകരവിളക്ക് ദർശിക്കാവുന്ന പ്രധാന ഇടങ്ങളിലെല്ലാം പൊലീസ്, ഫയർഫോഴ്‌സ്, വനംവകുപ്പ് പരിശോധനകൾ ശക്തമാക്കി. എക്‌സൈസ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. ഇന്ന്മകരവിളക്ക് കഴിഞ്ഞ് രാത്രി ഒൽപതിന് മുൻപ് ഭക്തരെ സന്നിധാനത്തു നിന്നും തിരിച്ചയയ്ക്കുന്ന രീതിയിലാണ് ക്രമീകരണം.
തിരുവാഭരണ ഘോഷയാത്രയുടെ കൂടെ വിവിധ ഇടങ്ങളിൽ നിന്ന് കയറിയേക്കാവുന്ന പുറത്തുനിന്നുള്ളവരെ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.
തോൾ സഞ്ചി, ഇരുമുടിക്കെട്ട് എന്നിവയ്‌ക്കൊപ്പം ബാഗും കൊണ്ടുവരുന്ന ഭക്തരെ പമ്പയിലും, നിലയ്ക്കലിലും പരിശോധിക്കുന്നുണ്ട്. തിരുവാഭരണ പേടകങ്ങൾ സന്നിധാനത്തേക്കു വരുന്ന പ്രധാന വഴികളുടെ കൈവഴികളും അടച്ച് സുരക്ഷ ശക്തമാക്കി..പഞ്ഞിപ്പാറ, നെല്ലിമല, ഇലവുങ്കൽ, അയ്യന്മല, അട്ടത്തോട് പടിഞ്ഞാറെ കോളനി, അട്ടത്തോട് എന്നിങ്ങനെ ഡിവിഷനുകൾ തിരിച്ച് പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചു. തുലാപ്പള്ളിയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെയുള്ള നെല്ലിമലയിലെ മകരജ്യോതി ദർശനം ലഭ്യമാകുന്ന പ്രദേശത്തിൽ ആയിരത്തോളം അയ്യപ്പഭക്തർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡി.സി.ആർ.ബി ഡിവൈ.എസ്.പി എ. സന്തോഷ്‌കുമാറിനാണ് ഇവിടുത്തെ ചുമതല. നാറാണംതോട് കൊച്ചുപാലം ജംഗ്ഷനിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ അയ്യന്മലയിലും ആയിരത്തോളം ഭക്തരെ പ്രതീക്ഷിക്കുന്നു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ആർ.പ്രദീപ് കുമാറിനാണ് ഇവിടുത്തെ ചുമതല.
സമീപ പ്രദേശങ്ങളിലും സുരക്ഷ
നിലക്കൽ പമ്പ മെയിൻ റോഡിലെ അട്ടത്തോട് പ്രദേശത്തും ആളുകളുടെ വലിയ തിരക്കനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ ശക്തമായ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.ആങ്ങമൂഴിയിൽ നിന്ന് രണ്ടു കിലോമീറ്റർ ദൂരെമാറി പഞ്ഞിപ്പാറ ശിവക്ഷേത്രം മകരവിളക്ക് ദർശനത്തിന് ഏറ്റവും അനുകൂലമായ പ്രദേശമാണ്. കുട്ടികളും സ്ത്രീകളും ഉൾപ്പെടെ ആയിരത്തോളം പേർ തടിച്ചുകൂടുമെന്ന് കരുതുന്നു. ഇന്ന് രാവിലെ മുതൽ
ഗതാഗത നിയന്ത്രണം
ആങ്ങമൂഴി മുതൽ പ്ലാപ്പള്ളി വരെയുള്ള റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇലവുങ്കൽ, നിലയ്ക്കൽ,അട്ടത്തോട് പടിഞ്ഞാറെ കോളനി പ്രദേശത്തും ഗതാഗത നിയന്ത്രണമുണ്ട്
നിലക്കൽ നിന്നുള്ള വാഹനങ്ങൾ ഇലവുങ്കൽ, കണമല, പ്ലാപ്പള്ളി, ളാഹ, പെരുനാട്, വടശേരിക്കര വഴി മടക്കയാത്ര തുടരണം. എരുമേലിയിൽ നിന്നുള്ള വാഹനങ്ങളെ നിലയ്ക്കലേക്കു പോകാൻ ചെത്തോങ്കരയിൽ അനുവദിക്കില്ല. പകരം മന്ദിരംപടി, വടശേരിക്കര വഴി പോകാൻ അനുവദിക്കും.
-----------
പ്രവേശനം 5000 പേർക്ക്.
തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്ന 280 പേർക്ക് സന്നിധാനത്തേക്ക് പ്രവേശനം.
കൊവിഡ് മാനദണ്ഡങ്ങൾ കാരണം ഭക്തജനത്തിരക്കില്ല
നിലയ്ക്കലിൽ നിന്ന് കെ.എസ്.ആർ.ടി.സി ചെയിൻ സർവീസുകൾ .
ഭക്തരെ സാമൂഹ്യ അകലം പാലിപ്പിച്ചാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.