അടൂർ: കോൺഗ്രസിനുളളിലെ ഗ്രൂപ്പ് പോരും, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പാർട്ടിയുടേയും നേതാക്കന്മാരുടേയും ഭാഗത്തു നിന്നുമുണ്ടായ തിക്താനുഭവങ്ങളേയും തുടർന്ന് കോൺഗ്രസിൽ വീണ്ടും രാജി. ഏറത്ത് ഗ്രാമപഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡൻ്റും കോൺഗ്രസ് ഏറത്ത് മണ്ഡലം പ്രസിഡൻ്റുമായ ശൈലേന്ദ്രനാഥാണ് ഇന്നലെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്തു നിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചത്.. ജില്ലാ പഞ്ചായത്ത് മുൻ അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ സ്ഥാനാർത്ഥിയുമായിരുന്ന സുധാ കുറുപ്പ് കോൺഗ്രസ് വിട്ട് സി.പി.എം ൽ ചേർന്നതിന് പിന്നാലെയാണ് ഒരു മണ്ഡലം പ്രസിഡന്റിന്റെ രാജി പാർട്ടി നേതൃത്വത്തിന് മറ്റൊരു തലവേദനയായത്. ഏറത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് , ഡയറക്ടർബോർഡ് അംഗം, യൂത്ത് കോൺഗ്രസ്, ഐ. എൻ.ടി.യു .സി മണ്ഡലം പ്രസിഡന്റ് തുടങ്ങി 25 വർഷത്തോളമായി പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ശൈലേന്ദ്രനാഥ് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏറത്ത് ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും പാർട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങളെ തുടർന്ന് പരാജയപ്പെട്ടിരുന്നു. നേതൃത്വങ്ങളുടെ നിലപാടുകളിലുള്ള പ്രതിഷേധമാണ് രാജിക്ക് വഴിതെളിച്ചത്. നേതാക്കന്മാരെ കൊണ്ട് നിറഞ്ഞ പാർട്ടിയിൽ അണികൾ ശോഷിച്ചു. പരസ്പര ഐക്യവും ഏകോപനമില്ലായ്മയും ഗ്രൂപ്പ് തർക്കങ്ങളും കാരണം പാർട്ടി നശിച്ചുകൊണ്ടിരിക്കുന്നു. അധികാരമോഹവും സ്ഥാനങ്ങൾക്ക് വേണ്ടിയുള്ള മത്സരവും മാത്രമായി. മറ്റൊരു ജില്ലാ കമ്മറ്റികളും ചെയ്യാത്ത തരത്തിൽ പാർട്ടി ചിഹ്നം അനുവദിക്കാൻ സ്ഥാനാർത്ഥികളിൽ നിന്നും ഗ്രാമ പഞ്ചായത്ത് തലത്തിൽ 500, ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ അയ്യായിരവും ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളിൽ നിന്നും പതിനായിരം വീതവും ഉൾപ്പെടെ ലക്ഷങ്ങൾ വാങ്ങിയ ജില്ലാ നേതൃത്വം ഒരു രൂപ പോലും വാർഡുകളിലെ പ്രവർത്തനത്തിന് നൽകിയില്ല. സ്ഥാനാർത്ഥികൾ കൂലിക്ക് ആളിനെ ഉപയോഗിച്ച് പ്രചാരണ പ്രവർത്തനം നടത്തേണ്ടി വന്നു. ഈ തുക തിരികെ നൽകാനും ജില്ലാ നേതൃത്വം തയാറാകാത്തതാണ് രാജിക്ക് കാരണമെന്ന് ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്ഥാവനയിൽ പറയുന്നു.