കോന്നി : സി.പി.എം കോന്നി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും കോന്നി റീജിയണൽ സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരനുമായിരുന്ന വട്ടക്കാവ് ചരിവുകാലായിൽ സി.കെ. ഓമനക്കുട്ടനെ (48 ) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ വീടിന് സമീപത്തെ ചായ്പ്പിലാണ് മൃതദേഹം കണ്ടത്.
ബാങ്കിൽ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.പി.എമ്മിലെ ചില നേതാക്കളുമായി അകന്നുനിന്നിരുന്ന ഓമനക്കുട്ടനെ ജോലിയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും അടുത്തിടെ നീക്കിയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥിയുടെ പരാജയത്തിന് ഓമനക്കുട്ടൻ കാരണമായെന്ന ആരോപണവും ഉയർന്നിരുന്നു.സ്വകാര്യ ബസിന്റെ കോന്നിയിലെ ഏജന്റുമായിരുന്നു ഒാമനക്കുട്ടൻ. രാധാമണിയാണ് ഭാര്യ. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടങ്ങി.
ഭീഷണിയുണ്ടായിരുന്നു: ഭാര്യ
സി.പി.എമ്മിൽ നിന്ന് ഓമനക്കുട്ടന് നിരന്തരം ഭീഷണി ഉണ്ടായിരുന്നതായി ഭാര്യ രാധാമണി പൊലീസിനു മൊഴി നൽകി. ബാങ്കിലെ കളക്ഷൻ ഏജന്റായുള്ള താത്കാലിക ജോലി സ്ഥിരപ്പെടുത്താമെന്ന വ്യവസ്ഥയിലായിരുന്നു നിയമനം. ബാങ്കിലെ സാമ്പത്തിക ഇടപ്പാടുമായി ബന്ധപ്പെട്ട പരാതികളിൽ ഓമനക്കുട്ടൻ മുൻ ഭരണസമിതിയിലെ ചിലർക്കൊപ്പം ചേർന്നത് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. സാമ്പത്തിക ബാദ്ധ്യതയെ തുടർന്നാണ് ഓമനക്കുട്ടൻ ആത്മഹത്യ ചെയ്തതെന്ന വ്യാജ പ്രചാരണമാണ് സി.പി.എം നടത്തുന്നതെന്ന് ഭാര്യയും ബന്ധുക്കളും ആരോപിച്ചു. മരണത്തിൽ ദുരൂഹതയുണ്ടെന്നും ഭീഷണിപ്പെടുത്തിയവർക്ക് ഇതിൽ പങ്കുണ്ടെന്നും അവർ പറഞ്ഞു. 10 വർഷമായി ലോക്കൽ കമ്മിറ്റി സെകട്ടറിയായിരുന്നെങ്കിലും മരണവിവരമറിഞ്ഞ് സി.പി.എം നേതാക്കളോ പാർട്ടി പ്രവർത്തകരോ എത്തിയില്ല. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡിലെ സി.പി.എം സ്ഥാനാർത്ഥിക്കുവേണ്ടി ഓമനക്കുട്ടൻ പ്രവർത്തിച്ചില്ലെന്നും ഇതേതുടർന്ന് പാർട്ടിയുമായുള്ള ഭിന്നത വർദ്ധിച്ചതായും ബന്ധു ഹരിപ്രിയ പറഞ്ഞു. ഓമനക്കുട്ടൻ മാനസിക വിഷമത്തിലായിരുന്നു
പാർട്ടിക്ക് അകൽച്ച ഇല്ലെന്ന്
ഓമനക്കുട്ടന് പാർട്ടിയുമായി യാതൊരുവിധ അകൽച്ചയും ഉണ്ടായിരുന്നില്ലെന്ന് സി.പി.എം കോന്നി ഏരിയാ സെക്രട്ടറി ശ്യാംലാൽ പറഞ്ഞു.