പത്തനംതിട്ട: ജില്ലയിൽ പട്ടിക ജാതി വിഭാഗത്തിൽപെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ഒരുങ്ങുന്നത് 500 പഠനമുറികൾ. നിലവിലെ വീടിനൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് രണ്ടു ലക്ഷം രൂപ വീതമാണ് പട്ടികജാതി വികസന വകുപ്പ് അനുവദിച്ചത്. സർക്കാർ, എയ്ഡഡ്, ടെക്‌നിക്കൽ, സ്‌പെഷ്യൽ സ്‌കൂളുകളിൽ എട്ട്, ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കാണ് വീടിനൊപ്പം പഠനമുറി ഒരുക്കുന്നതിന് ധനസഹായം ലഭിക്കുന്നത്.
ജില്ലയിൽ 74 പേർ പഠനമുറികളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞു. ധനസഹായ തുക നാലുഘട്ടമായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് നൽകുന്നത്. ആദ്യഘട്ടത്തിൽ അടിത്തറ നിർമ്മാണത്തിന് 30,000 രൂപ, ഒരുവാതിൽ, രണ്ടു പാതികളുള്ള രണ്ടു ജനലുകൾ എന്നിവയുടെ കട്ടിളകൾ സ്ഥാപിക്കുന്നത് ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ 60,000 രൂപയും മൂന്നാം ഘട്ടമായി കോൺക്രീറ്റിംഗ്, പ്ലാസ്റ്ററിംഗ്, ടൈലുകൾ പാകുന്നത് ഉൾപ്പെടെ ചെയ്യുന്നതിന് 80,000 രൂപയും നാലാം ഘട്ടമായി വാതിൽ, ജനൽ, പുസ്തകം സൂക്ഷിക്കുന്നതിനുള്ള അലമാര എന്നിവ സ്ഥാപിക്കുന്നതിനും വൈദ്യുതീകരണത്തിനുമായി 30,000 രൂപയും നൽകും.
ഗ്രാമസഭകളിലെ ലിസ്റ്റാണ് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന് ഉപയോഗിച്ചത്. പട്ടികജാതി വകുപ്പിൽ നിന്നും മറ്റു ഏജൻസികളിൽ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
പഠനമുറി ഇങ്ങനെ
1.ചുവരുകൾ പ്ലാസ്റ്ററിംഗ് ചെയ്ത് പുസ്തകങ്ങൾ സൂക്ഷിക്കുന്നതിനുള്ള ഭിത്തി അലമാരയും സ്ഥാപിക്കുന്നു.
2. 120 ച.അടി മുറി നിർമ്മിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നു.
3.വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ പഠനമുറിയുടെ ഭാഗമായി ഒരുക്കും
4..തറയ്ക്ക് ടൈലുകൾ ഉപയോഗിക്കുന്നു.