aa

അടൂർ: മൃഗങ്ങളെ ഉപദ്രവിക്കാതെ മരമടി പോലെയുള്ള മത്സരങ്ങൾ പ്രായോഗികമാക്കാമെന്ന .വനം - മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിയമസഭയിൽ പറഞ്ഞത് ആനന്ദപ്പള്ളി മരമടി മത്സരം പുനരാരംഭിക്കുന്നതിനുള്ള പച്ചക്കൊടിയാകുമോ...? ചിറ്റയം ഗോപകുമാർ എം. എൽ.എ അവതരിച്ച സബ്മിഷനുള്ള മന്ത്രിയുടെ മറുപടിയാണ് അടൂരിന് പ്രതീക്ഷ നൽകുന്നത്. ജെല്ലിക്കെട്ടുമായും മറ്റും ബന്ധപ്പെട്ടുണ്ടായ കേന്ദ്രനിയമത്തിന്റെ മറവിലാണ് കേരളത്തിലെ മരമടിക്കും വിലങ്ങ് വീണത്. വർഷങ്ങളായി തെക്കൻ കേരളത്തിൽ കർഷകരും ഉരുക്കളും ചേർന്ന് ചേറ്റുനിലത്തിൽ അരങ്ങേറി വന്ന മരമടി മത്സരം കേന്ദ്രനിയമത്തെ സംബന്ധിച്ച അജ്ഞതയും അവ്യക്തതയും മുതലെടുത്താണ് 7 വർഷമായി നിലച്ചത്. ചില ഉദ്യോഗസ്ഥവൃന്ദം കായിക കാർഷികമേളയെ തടസപ്പെടുത്തുന്നതിന് ബോധപൂർവം ശ്രമിക്കുന്നതായി ഇന്നലെ ഇതേ വിഷയത്തിൽ അവതരിപ്പിച്ച രണ്ടാമത്തെ സബ്മിഷനിൽ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ നിലനിൽക്കുന്ന അവ്യക്തത ഒഴിവാക്കുന്നതിന് നിയമനിർമ്മാണം ഉറപ്പാക്കാമെന്ന് നേരത്തെ അവതരിപ്പിച്ച സബ്മിഷനിൽ ഉറപ്പു നൽകിയിരുന്നു.ഈ ഉറപ്പിൻമേൽ നിയമനിർമ്മാണം നടത്തുന്നത് സംബന്ധിച്ച വിശദാംശം ഇന്നലെ എം. എൽ. എ ആരാഞ്ഞു. കാർഷിക കായിക പ്രേമികളുടെ ആഗ്രഹങ്ങൾക്കൊപ്പം നിന്ന് അനുകൂലമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാരിനെ ചിറ്റയം ഗോപകുമാർ അഭിനന്ദിച്ചു.

മന്ത്രി നിയമസഭയിൽ പറഞ്ഞത്

സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഇനിയും അപ്പീൽ നൽകിയാൽ വിധി ലംഘനമാകും.. സംസ്ഥാന സർക്കാരിന്റെ 2015ലെ സർക്കുലർ പ്രകാരം മൃഗങ്ങളെ ഉപദ്രവിക്കാതെ കന്നുപൂട്ട്, കാളപൂട്ട് അടക്കമുള്ളവ അംഗീകരിച്ചിട്ടുണ്ട്. ഇത്തരം നിബന്ധന പാലിച്ച് മരമടി മത്സരം പ്രായോഗികമാക്കാം

----------------

"മന്ത്രി നിയമസഭയിൽ പറഞ്ഞ അഭിപ്രായം മാനിച്ച് മരമടി മത്സരം നടത്താനാകില്ല. അത് സുപ്രീം കോടതി വിധിയുടെ ലംഘനമാകും. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങൾ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത് പ്രത്യേക ബില്ല് പാസാക്കുകയും 2017 മുതൽ മത്സരങ്ങൾ പുനരാരംഭിക്കുകയും ചെയ്തു. സംസ്ഥാന സർക്കാരും നിയമനിർമ്മാണം നടത്താതെ മത്സരം പുനരാരംഭിക്കാനാകില്ല

വി.കെ. സ്റ്റാൻലി ,

സെക്രട്ടറി, ആനന്ദപ്പള്ളി കർഷക സമിതി