തിരുവല്ല: നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഭീഷണിയായി നിലകൊണ്ട ഇടിവെട്ടേറ്റ വാകമരം മുറിച്ചുനീക്കാൻ നടപടി തുടങ്ങി. തിരുവല്ല റവന്യു ടവറിന് സമീപത്തെ റോഡരുകിൽ നിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള വാകമരമാണ് അപകടകരമായി നിലകൊണ്ടത്. സബ് രജിസ്ട്രാർ ഓഫീസിനും സബ് ട്രഷറി ഓഫീസിനും മദ്ധ്യത്തിലായി നിൽക്കുന്ന കൂറ്റൻ വാകമരത്തിന്റെ ശിഖരങ്ങൾ വിണ്ടുകീറിയത് ഈ ഓഫീസുകൾക്കാണ് പ്രധാനമായും ഭീഷണിയായിരുന്നത്. റവന്യു ഭൂമിയിലെ വാകമരത്തിന്റെ ഭീഷണി ചൂണ്ടിക്കാട്ടി തഹസിൽദാർക്ക് ഈ ഓഫീസുകൾ അപേക്ഷ നൽകിയതിനെ തുടർന്ന് ഡെപ്യൂട്ടി തഹസിൽദാർമാരും വില്ലേജ് ഓഫീസറും മറ്റും സ്ഥലപരിശോധന നടത്തി കൂടുതൽ ഭീഷണി ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് വാകമരം മുറിച്ചു നീക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു. വൈദ്യുതി ലൈനുകൾ ഓഫാക്കി ഗതാഗത തടസമുണ്ടാകാതെയാണ് മരം മുറിച്ചുനീക്കാൻ നടപടി തുടങ്ങിയത്. ഭീഷണി നിലനിൽക്കുന്നതിനാൽ പൊതുമരാമത്ത്, ഫയർഫോഴ്സ്, പൊലീസ് അധികൃതർ സ്ഥലത്തുണ്ടായിരുന്നു. പകുതിയോളം ശിഖരങ്ങൾ ഇന്നലെ മുറിച്ചുനീക്കി. തുടർന്നുള്ള ജോലികൾ ഇന്നും തുടരും.