uparodham
കുടിവെള്ള പ്രശ്നത്തിൽ കോൺഗ്രസ് ജല അതോറിറ്റി അസി.എഞ്ചിനീയറെ ഉപരോധിക്കുന്നു

തിരുവല്ല: അമിച്ചകരി യു.പി സ്ക്കൂൾ മുതൽ ബസാർ കടവ് വരെയുള്ള 40 ലധികം വീടുകളിൽ കഴിഞ്ഞ ആറ് മാസത്തിലധികമായി ജലവിതരണം മുടങ്ങുന്നതിനെതിരെ നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ജലവിതരണ വകുപ്പ് അസി:എൻജിനീയറെ ഉപരോധിച്ചു. ജില്ലാ കളക്ടറക്കടക്കം പരാതി നൽകിയിട്ടും പരിഹാരം ഉണ്ടാകാത്തിനെ തുടർന്നാണ് ഉപരോധം സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് അംഗവുമായ ജിജോ ചെറിയാൻ, പഞ്ചായത്തംഗം ഗ്രേസി അലക്സാണ്ടർ, പി.എസ് ഉണ്ണികൃഷ്ണൻ നായർ, പി.ജി നന്ദകുമാർ, ജോൺസൺ വെൺപാല, എം.എസ് ഷാജി, ബിജു പത്തിൽ, എബ്രഹാം ജോൺ, രാജു എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി. പ്രശ്നം അടിയന്തരമായി പരിഹരിക്കുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.