തിരുവല്ല: കൊവിഡ് രോഗം സ്ഥിരീകരിച്ചയാളുടെ വീടും പരിസരവും അണുവിമുക്തമാക്കുന്ന ദൗത്യം ഒറ്റയ്ക്ക് ഏറ്റെടുത്ത് കടപ്രയിലെ ഗ്രാമപഞ്ചായത്തംഗം മാതൃകയായി. കടപ്ര പഞ്ചായത്ത് ആറാംവാർഡ് മെമ്പറായ രഞ്ചിത്ത് (ശംഭു) ആണ് രണ്ടാംവാർഡിലെ താമസക്കാരനായ കൊവിഡ് ബാധിതന്റെ വീടും പരിസരവും അണുവിമുക്തമാക്കി മാതൃകയായത്. രോഗബാധിതനായ വ്യക്തിക്ക് സ്വന്തം വീട്ടിൽത്തന്നെ ചികിത്സയൊരുക്കുന്നതിന്റെ ഭാഗമായാണ് അണുനശീകരണം നടത്തിയത്. വീടും പരിസരവും അണുവിമുക്തമാക്കിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ ചികിത്സാർത്ഥം ബാത്ത് റൂം സൗകര്യമുള്ള മുറിയിലേക്ക് മാറ്റി. കൊവിഡ് രോഗബാധിതനായ വ്യക്തിയുടെ കുടുംബാംഗങ്ങൾക്കും മറ്റാർക്കും തന്നെ രോഗം പകരാതിരിക്കുന്നതിനായുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായാണ് അണുനശീകരണ പ്രവർത്തനം ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്തിയതെന്ന് ഡി.വൈ.എഫ്.ഐ ഏരിയ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കൂടിയായ രഞ്ചിത്ത് പറഞ്ഞു.