ചെങ്ങന്നൂർ : മംഗലം,ഇടനാട് പ്രദേശങ്ങളിലെ ജനങ്ങളുടെ ദീർഘനാളത്തെ ആവശ്യമായ കൈപ്പാലകടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതോടെ ചെങ്ങന്നൂരിന്റെ വികസനത്തിന് പുതിയ പാത തുറക്കുന്നു. നഗരത്തിലെ കാർഷിക മേഖലകളായ മംഗലത്തിനെയും, ഇടനാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം എന്നത് പതിറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉയർന്ന ആവശ്യമാണ്. പമ്പാനദിയുടെ കൈവഴിയായ ആദിപമ്പയാണ് ഇരു സ്ഥലങ്ങളെയും വേർതിരിക്കുന്നത്. പാലം ഇല്ലാതിരുന്ന കാലത്ത് ഇടനാട്ടിൽ നിന്നും നാലു കിലോമീറ്ററിലേറെ യാത്ര ചെയ്തു വേണം മംഗലം ഭാഗത്തിലെത്താൻ. കടത്തുവളളമായിരുന്നു ഇരുകരകളെയും ബന്ധിപ്പിച്ചിരുന്ന ഏക ആശ്രയം. ഇടനാട്, പുത്തൻകാവ്, മാലക്കര, മുളക്കുഴ എന്നീ സ്ഥലങ്ങളിലെ സ്കൂളുകളിൽ എത്താൻ വിദ്യാർത്ഥികൾക്കും ഇതു തന്നെയായിരുന്നു മാർഗം. പാലം നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികളും ഇരു കരകളിലെയും ആളുകളും ചേർന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു.തുടർന്ന് കെ.കെ രാമചന്ദ്രൻ നായർ എം.എൽ.എ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ 2016ലെ സംസ്ഥാന ബഡ്ജറ്റിൽ, പാലം നിർമ്മാണത്തിനായി ഒൻപത് കോടിയും, സ്ഥലം ഏറ്റെടുക്കുന്നതിന് മൂന്നര കോടി രൂപയും അനുവദിക്കുകയായിരുന്നു.
സാങ്കേതിക തടസങ്ങൾ നീക്കി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും
2018 മുതൽ മന്ത്രി ജി.
സുധാകരൻ്റെയും സജി ചെറിയാൻ എം.എൽ.എ യുടെയും നേതൃത്വത്തിൽ ,പാലം നിർമ്മാണം നിശ്ചിത സമയത്ത് പൂർത്തീകരിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നിരവധി യോഗങ്ങൾ വിളിച്ചു ചേർത്തു. ഇതോടെയാണ് സാങ്കേതികമായി ഉണ്ടായിരുന്ന വിവിധ തടസങ്ങൾ നീങ്ങി നിർമ്മാണം ദ്രുതഗതിയിൽ പൂർത്തിയായത്. മംഗലം കുറ്റിക്കാട്ടു പടി ജംഗ്ഷനിൽ നിന്നും കൈപ്പാലക്കടവിലേക്കുള്ള ഒരു കിലോമീറ്റർ റോഡിലും,തുടർന്ന് ഇടനാട്ടിലും 11 പേരുടെ ഭൂമി മാത്രമേ ഏറ്റെടുക്കേണ്ടി വന്നിട്ടുള്ളു. എം.സി റോഡിൽ മുളക്കുഴ സെഞ്ചുറി ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് പുത്തൻകാവ്, ഇടനാട് കൈപ്പാലക്കടവ് പാലം വഴി മംഗലം കുറ്റിക്കാട്ടുപടി ജംഗ്ഷനിലൂടെ കല്ലിശേരി ജംഗ്ഷനിൽ എത്തി തിരികെ എം.സി റോഡിൽ പ്രവേശിക്കാം. തിരിച്ച് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നവർക്കും ഈ വഴി പോകാം. കൂടാതെ കോഴഞ്ചേരി, പത്തനംതിട്ട ഭാഗത്തേക്ക് പോകുന്നവർക്കും ദൂരം ലാഭിക്കാൻ കഴിയും. കോട്ടയം ഭാഗത്തു നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും ഈ വഴി ഉപയോഗിക്കാൻ കഴിയും.
------------------------------------
-പാലത്തിന് 132ന് മീറ്റർ നീളം
- 11 മീറ്റർ വീതി
- ഇരുവശവും നടപ്പാതകൾ