vacc
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച വാക്‌സിൻ ഡെപ്യുട്ടി ഡിഎംഒ ഡോ. സി.എസ്. നന്ദിനി, ആർസിഎച്ച് ഓഫീസർ ഡോ. ആർ. സന്തോഷ് കുമാർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങുന്നു

പത്തനംതിട്ട: ജില്ലയിൽ ആദ്യഘട്ടം വിതരണം ചെയ്യാനുള്ള കൊവിഡ് പ്രതിരോധ വാക്‌സിൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. തിരുവനന്തപുരം റീജിയണൽ വാക്‌സിൻ സ്റ്റോറിൽ നിന്ന് പൊലീസ് അകമ്പടിയോടെ പ്രത്യേക താപനില ക്രമീകരിച്ച ബോക്‌സുകളിൽ 21,030 ഡോസ് കോവിഷീൽഡ് വാക്‌സിൻ ആണ് ജില്ലയിൽ എത്തിച്ചിട്ടുള്ളത്. നാളെ ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ വിതരണം നടക്കും. വാക്‌സിൻ നൽകുന്നതിനുള്ള 60,000 സിറിഞ്ചുകളും എത്തിച്ചിട്ടുണ്ട്. ഇന്ന് ജനറൽ ആശുപത്രിയിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേക്ക് പ്രത്യേക വാഹനത്തിൽ വാക്സിൻ കൊണ്ടുപോകും.

ആദ്യഘട്ടത്തിൽ 21,000 ആളുകൾക്കുള്ള വാക്‌സിനാണ് നൽകുന്നത്. ഇരുപതിനായിരത്തോളം ആരോഗ്യ പ്രവർത്തകരും കൊവിഡ് പ്രതിരോധ പോരാളികളുമാണ് ആദ്യം വാക്‌സിൻ സ്വീകരിക്കുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, നഴ്‌സുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജീവനക്കാർ, ആശാപ്രവർത്തകർ, കൊവിഡ് പ്രതിരോധ പ്രവർത്തകർ തുടങ്ങിയവർക്കാണ് തുടക്കത്തിൽ വാക്‌സിൻ നൽകുന്നത്.

ഈ മാസം 31ന് ആദ്യഘട്ടം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി നൽകാനാണ് തീരുമാനം.

ജനറൽ ആശുപത്രിയിൽ വാക്‌സിൻ ഏറ്റുവാങ്ങാനായി ഡെപ്യൂട്ടി ഡി. എം.ഒ ഡോ. സി.എസ്.നന്ദിനി, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സാജൻ മാത്യൂസ് , ആർ.എം.ഒ ഡോ.ആശിഷ്‌ മോഹൻ, മാതൃശിശു സംരക്ഷണ വിഭാഗം ഓഫീസർ ഡോ.ആർ.സന്തോഷ്‌കുമാർ, മാസ് മീഡിയ ഓഫീസർ എ.സുനിൽ കുമാർ എന്നിവർ എത്തിയിരുന്നു.

ഒരു വാക്‌സിനേറ്റർ, നാല് വാക്‌സിനേഷൻ ഓഫീസർമാർ എന്നിവർ അടങ്ങിയ ഒരു ടീമാണ് ഒരു വാക്‌സിനേഷൻ കേന്ദ്രത്തിലുള്ളത്. വാക്‌സിനേഷനു ശേഷം എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടായാൽ അത് പരിഹരിക്കുന്നതിനുള്ള ആംബുലൻസ് അടക്കമുള്ള സംവിധാനവും ഇവിടെയുണ്ടാകും. വാക്‌സിനേഷനായി കാത്തിരിക്കുന്ന സ്ഥലത്ത് കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വാക്‌സിൻ നൽകുന്നത്.

വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ

പത്തനംതിട്ട ജനറൽ ആശുപത്രി,

അടൂർ താലൂക്ക് ആശുപത്രി,

കോന്നി താലൂക്ക് ആശുപത്രി,

തിരുവല്ല താലൂക്ക് ആശുപത്രി,

അയിരൂർ ഗവ. ആയൂർവേദ ആശുപത്രി,

കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രി,

റാന്നി താലൂക്ക് ആശുപത്രി,

കോഴഞ്ചേരി ജില്ലാ ആശുപത്രി,

തിരുവല്ല ബിലിവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ്

വാക്‌സിൻ സ്വീകരിക്കാൻ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള മുറി, വാക്‌സിനേഷൻ മുറി, വാക്‌സിനേഷന് ശേഷം നിരീക്ഷണത്തിനുള്ള മുറി എന്നിങ്ങനെ സൗകര്യങ്ങൾ സെന്ററുകളിൽ ഒരുക്കിയിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചവർക്ക് പനി, ചൂട്, ശരീരവേദന, തളർച്ച എന്നിവ ഉണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്താണ് നിരീക്ഷണത്തിലാക്കുന്നത്.

ഒരു കേന്ദ്രത്തിൽ ദിവസവും 100 പേർക്ക് വാക്സിൻ നൽകും.

ആദ്യഘട്ടത്തിൽ 21,000 പേർക്ക് വാക്സിൻ നൽകും