ശബരിമല: അയ്യപ്പ ഭക്തരെ സാക്ഷിനിർത്തി ശബരിമല സന്നിധാനത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം പ്രശസ്ത ഗായകൻ വീരമണി രാജുവിന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സമ്മാനിച്ചു. സംഗീത ലോകത്തെ പ്രഗത്ഭർക്കു നൽകുന്ന പുരസ്‌കാരമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
രാജു എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ദേവസ്വം ബോർഡ് അംഗങ്ങളായ കെ.എസ്. രവി, പി.എം.തങ്കപ്പൻ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ശബരിമല സ്‌പെഷൽ കമ്മിഷണർ എം. മനോജ്, എ.ഡി.ജി.പി എസ്. ശ്രീജിത്, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, തിരുവിതാംകൂർ ദേവസ്വം കമ്മിഷണർ ബി.എസ്. തിരുമേനി എന്നിവർ സംസാരിച്ചു.
പത്ത് ഓസ്‌കാറിനേക്കാൾ തനിക്കു വലുതാണ് മകരവിളക്കു ദിവസം ലഭിച്ച ഹരിവരാസനം പുരസ്‌കാരം. ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണിത്.
പിതാവായ സോമുവും ചിറ്റപ്പയായ വീരമണിയും ചേർന്ന് ചിട്ടപ്പെടുത്തിയ ലോകപ്രശസ്തമായ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം 1957 ൽ ഇരുവരും ശബരിമല സന്ദർശിച്ചപ്പോൾ പിറന്നതാണ്. കാനനപാതയിലൂടെ അന്നുനടന്നതിന്റെ അനുഭവമാണ് 'കല്ലും മുള്ളും കാല്ക്ക് മെത്തൈ' എന്ന പാട്ടിലെ വരിയായി ചേർത്തിരിക്കുന്നത്. അന്ന് തന്റെ നാട്ടുകാർക്ക് ശബരിമലയെ കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ, ഈ പാട്ടിലൂടെ ഏറെ ഭക്തർ അയ്യപ്പ സന്നിധിയിൽ എത്തിയെന്നത് അഭിമാനമായി കാണുന്നു.
വീരമണി രാജു