block
ഹരിതകേരളം മിഷന്റെ പുളിക്കീഴ് ബ്ലോക്കുതല പ്രോജക്ട് ക്ലിനിക് ബ്ലോക്ക് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: ഹരിതബ്ലോക്കായി മാറുന്നതിന് ആദ്യചുവടുവയ്പ്പായി സമ്പൂർണ ശുചിത്വം കൈവരിക്കാൻ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് നടപടികൾ തുടങ്ങി. ഹരിതകേരളം മിഷന്റെ ബ്ലോക്കുതല പ്രോജക്ട് ക്ലിനിക്കിലാണ് പുതിയ തീരുമാനങ്ങൾ. ഹരിതബ്ലോക്കായി മാറുന്നതിന് ശുചിത്വം,കൃഷി,ജലസംരക്ഷണ മേഖലകളെല്ലാം ഒരുപോലെ മെച്ചപ്പെടേണ്ടതുണ്ട്. അതിന്റെ ആദ്യപടിയാണ് ശുചിത്വ-മാലിന്യ സംസ്കരണരംഗത്ത് സമ്പൂർണലക്ഷ്യം കൈവരിക്കാനുള്ള ശ്രമം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബിനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർമാരായ ആർ.രാജേഷ്,കെ.ഇ വിനോദ്കുമാർ എന്നിവർ പദ്ധതികൾ വിശദീകരിച്ചു. നാളിതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തി.ബ്ലോക്ക് അംഗങ്ങളായ എം.ജെ അച്ചൻകുഞ്ഞ്, അരുന്ധതി അശോക്, സോമൻ താമരച്ചാലിൽ, സി.കെ.അനു, വിശാഖ് വെൺപാല, കെ.എസ്.രാജലക്ഷ്മി, ജിനു തോമ്പുംകുഴി, ലിജി ആർ.പണിക്കർ, അഡ്വ.വിജി നൈനാൻ, മറിയാമ്മ ഏബ്രഹാം ടി.പ്രസന്നകുമാരി,നിഷ അശോകൻ, കെ.ജി സഞ്ചു,ശൈലേഷ് കുമാർ,സാലി ജോൺ, അമ്പിളി എസ്.നായർ, ശ്രീഹരി, പ്രവീണ,നന്ദു, വൈ.പി ശരണ്യാമോഹൻ,ആർ.പി എസ്.വി സുബിൻ,എന്നിവർ സംസാരിച്ചു.

കോർഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകി


ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ സമിതി കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചെയർമാനും വൈസ് പ്രസിഡൻ്റ് കൺവീനറുമായി ബ്ലോക്ക്തല കോർഡിനേഷൻ കമ്മിറ്റിക്കും രൂപംനൽകി.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചെയർമാന്മാരായി ഓരോ വാർഡിലും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. എല്ലാവാർഡിലും രണ്ട് ഹരിതകർമസേന അംഗങ്ങളെ കുടുംബശ്രീയിൽനിന്നും തിരഞ്ഞെടുത്ത് സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കും. അംഗങ്ങൾക്കുള്ള ഗ്ലൗസ്‌,മാസ്ക്,സാനിട്ടൈസർ എന്നിവക്കായി പണം വകയിരുത്താത്ത പഞ്ചായത്തുകൾ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം തേടുകയോ തനത് ഫണ്ട് മുൻകൂട്ടി ചെലവഴിച്ച് പിന്നീട് പ്ലാൻഫണ്ടിൽനിന്ന് തിരിച്ചടക്കുകയോ ചെയ്യണം.യൂസർഫീ ഉൾപ്പെടെയുള്ള കാര്യങ്ങൾ ബോധവൽക്കരിക്കാൻ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ലഘുലേഖകളുമായി വീടുകൾ കയറും.റീ തിങ്ക് സിംഗിൾയൂസ് ക്യാമ്പയിനും എല്ലാപഞ്ചായത്തിലും ഡിസ്‌പോസബിള്‍ ഫ്രീകേരള ക്യാമ്പയിൻ എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കും.

20നകം പ്രത്യേകം യോഗങ്ങൾ
കുറ്റൂര്‍,നെടുമ്പ്രം,നിരണം,കടപ്ര,പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ 20നകം പ്രത്യേകം യോഗങ്ങൾ ചേരും. ബ്ലോക്കിലെ നാല് പഞ്ചായത്തുകളും സമ്പൂർണ ശുചിത്വ പദവിയിലെത്തിയെങ്കിലും പെരിങ്ങരക്ക് നഷ്ടപ്പെട്ടത് പ്ലാസ്റ്റിക് മാലിന്യം തരംതിരിക്കുവാനുള്ള സംവിധാനം ഏർപ്പെടുത്താത്തതിലാണ്.അതിനാൽ ഈ പഞ്ചായത്തിനായി പ്രത്യേക പരിഗണന നൽകും. 26ന് നടക്കുന്ന ചെക്ക് ക്യാമ്പയിൻ വിജയിപ്പിക്കും.