palam
കല്ലടയാറിന് കുറുകെ തകരാറിലായ നമ്പിമൺകടവ് പാലം

ഏനാത്ത് : അപകടാവസ്ഥയെ തുടർന്ന് രണ്ടര വർഷത്തിലേറെയായി കാൽനടയാത്ര ഉൾപ്പെടെ നിരോധിച്ച നമ്പിമൺകടവ് തൂക്കുപാലം അവഗണനയുടെ സ്മാരകം ആകുകയാണ്. മൂന്ന് മാസത്തിനുളളിൽ പാലം സഞ്ചാരയോഗ്യമാക്കണമെന്ന് സംസ്ഥാന മനഷ്യാവകാശ കമ്മിഷൻ നിർദ്ദേശം നൽകിയിട്ട് നാല് മാസം പിന്നിട്ടിട്ടും തൂക്കുപാലത്തിന് മോചനമായിട്ടില്ല. ഏഴംകുളം ഗ്രാമപഞ്ചായത്ത് അംഗമായ വിനോദ് തുണ്ടത്തിൽ നൽകിയ പരാതിയെ തുടർന്ന് 2020 ആഗസ്റ്റ് 27 നാണ് മനുഷ്യാവകാശ കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവ് പുറപ്പെടുവിച്ചത്. പത്തനംതിട്ട, കൊല്ലം ജില്ലാ കളക്ടർമാർ, കൊല്ലം ജില്ലാപഞ്ചായത്ത്, ഏഴംകുളം, കുളക്കട ഗ്രാമപഞ്ചായത്ത് എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഏഴംകുളം - കുളക്കട പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.

89 ലക്ഷം ചെലവിട്ടിട്ടും യാത്ര മുടങ്ങി

സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിച്ച 89 ലക്ഷം രൂപ വിനിയോഗിച്ച് 2012 ജൂണിൽ പൊതുമേഖലാ സ്ഥാപനമായ 'കെൽ' ആണ് തൂക്കുപാലം നിർമ്മിച്ചത്. ഇതോടെ കടത്തുവള്ളവും നിലച്ചു. പലകകൾ ഇളകിയും കൈവരികൾ വേർപെട്ടും പാലം അപകടാവസ്ഥയിലായതോടെ ദുരന്തനിവാരണ നിയമപ്രകാരം 2018 മാർച്ച് 28 മുതൽ കാൽനട യാത്ര നിരോധിച്ചു. പുനർനിർമ്മാണത്തിന് ദുരന്ത പ്രതികരണ നിധിയിൽ ഫണ്ടില്ലാത്തതിനാൽ കൊല്ലം ജില്ലാ കളക്ടർ അറ്റകുറ്റപണികൾ നടത്താൻ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനിയർക്ക് കത്ത് നൽകി. എന്നാൽ ഇതിനാവശ്യമായ തുക ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്താൻ സർക്കാർ നിർദ്ദേശിച്ചു. 2018 മാർച്ചിൽ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായി കളക്ടർ നടത്തിയ ചർച്ചയെ തുടർന്ന് കൊല്ലം ജില്ലാ പഞ്ചായത്തും കുളക്കട ഗ്രാമപഞ്ചായത്തും സംയുക്തമായി 12.77 ലക്ഷത്തിന്റെ പ്രോജക്ട് തയ്യാറാക്കി. ഗ്രാമ പഞ്ചായത്ത് വിഹിതമായ 6.77 ലക്ഷം രൂപ കെല്ലിന് നൽകി. 2018ലെ പ്രളയത്തിൽ തൂക്കുപാലം കൂടുതൽ തകർന്നതോടെ ഈ തുക അറ്റകുറ്റപണിക്ക് അപര്യാപ്തമായി. പിന്നീട് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ നിന്ന് പിന്മാറി.

കൊല്ലം, പത്തനംതിട്ട ജില്ലാ ഭരണകൂടങ്ങൾ ജാഗ്രത കാട്ടാത്തതാണ് പാലം നിർമ്മാണം അനിശ്ചിതത്വത്തിലാകാൻ കാരണമെന്നാണ് ആക്ഷേപം.