പത്തനംതിട്ട: ആയിരത്തിലേറെ വർഷം പഴക്കമുള്ള താഴൂർ ഭഗവതി ക്ഷേത്രത്തിന്റെ പുനർനിർമാണം പൂർത്തിയാകുന്നു. കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ പുന:പ്രതിഷ്ഠ 25ന്. പൂജാ ക്രിയകൾ 19ന് ആരംഭിക്കും. ക്ഷേത്ര ശ്രീകോവിൽ, നമസ്കാരം മണ്ഡപം, ചുറ്റമ്പലം, ബലിക്കൽപ്പുര, യക്ഷിയമ്പലം എന്നിവയുൾപ്പെടെ 5600 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ക്ഷേത്ര നിർമ്മാണം. ക്ഷേത്ര സമുച്ചയത്തിന്റെ തറയും ചുമരുകളും കൃഷ്ണശിലയിലാണ് നിർമ്മിച്ചിരിക്കുന്നത്. ആറൻമുള വാസ്തു വിദ്യാഗുരുകുലത്തിലെ സ്ഥപതി എ.ബി.ശിവൻ തായാറാക്കിയതാണ് പ്ലാൻ. തൃശ്നാപ്പള്ളി ദ്വൊരൈരാജ് ആചാരയുടെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ മകൻ മാർക്കണ്ഡേയൻ ആചാരിയാണ് ശിലാപണികൾ ചെയ്യുന്നത്. താഴൂർ ദേവസ്വം ഭാരവാഹികളായ ജി.ജയപ്രകാശ്, സെക്രട്ടറി കെ.ജയകുമാർ, വൈസ് പ്രസിഡന്റ് എൻ. പി. ജനാർദ്ദനൻനായർ, ട്രഷറർ ഇ.ജി സുകുമാരൻ നായർ തുടങ്ങിയവരുടെ മേൽനോട്ടത്തിലാണ് പുനർനിർമ്മാണം നടക്കുന്നത്. ശ്രീകോവിലിന്റെ പഞ്ചവർഗത്തറ, വ്യാളീമുഖത്തോടുകൂടിയ സോപാനം, ചുമരുകളിലെ ഗണപതി, സരസ്വതി, ലക്ഷ്മി ദേവതാ സങ്കൽപ്പങ്ങൾ, ഓവുകളിലെ പഞ്ചദളഭൂതഗണങ്ങൾ, ദ്വാരപാലകർ, നമസ്കാര മണ്ഡപത്തിന്റെ തൂണുകളിലെ ബ്രാഹ്മി, സപ്തമാതൃക്കൾ, സപ്തകന്യകമാർ,ശാസ്താവ്,ഗണപതി, ദീപകന്യകമാർ, യക്ഷയമ്പലത്തിലെ ഒറ്റക്കൽ ചങ്ങല എന്നിവ ശ്രദ്ധേയമായ ശിൽപ്പ വേലകളാണ്. ശ്രീകോവിൽ, നമസ്കാര മണ്ഡപം,യക്ഷിയമ്പലം, എന്നിവയുടെ മേൽക്കൂര ചെമ്പോല മേഞ്ഞിരിക്കുന്നു.നാല് വർഷം കൊണ്ട് പൂർത്തിയാക്കിയ ക്ഷേത്ര നിർമാണത്തിന് ഭക്തരിൽ നിന്ന് ലഭിച്ച സംഭാവനകളും ക്ഷേത്രത്തിലെ വരുമാനത്തിൽ നിന്നുളള നീക്കിയിരിപ്പ് തുകയുമാണ് വിനിയോഗിച്ചിട്ടുളളത്.