തിരുവല്ല: നാലു പതിറ്റാണ്ടായി തരിശുകിടന്നിരുന്ന കടപ്രയിലെ 30 ഏക്കർ വരുന്ന മണിയനാകുഴി പാടത്ത് കൃഷിയിറക്കി. വിത്തുവിതയ്ക്കാൻ താമസിച്ചതിനാൽ 90 ദിവസം മൂപ്പുള്ള വിത്താണ് വിതച്ചിരിക്കുന്നത്. പാടത്തു നിന്നു വെള്ളം വറ്റിക്കാൻ വൈദ്യുതി കണക്ഷൻ ലഭിക്കാൻ താമസിച്ചതാണ് കൃഷിയിറക്കാൻ കാലതാമസം നേരിട്ടത്. വിത്തുവിതയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ നിർവഹിച്ചു. പഞ്ചായത്തംഗം സൂസമ്മ പൗലോസ്, കൃഷി അസി.ഡയറക്ടർ വി.ജെ.റജി, കൃഷി ഓഫീസർ റോയി ഐസക് വർഗീസ് എന്നിവർ പങ്കെടുത്തു.