അയിരൂർ : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്ലാങ്കമൺ ഡിവിഷൻ അംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉണ്ണി പ്ലാച്ചേരി കോൺഗ്രസ് ഭാരവാഹിത്വ സ്ഥാനങ്ങൾ രാജിവച്ചു. ഇത്തവണയും പാർട്ടി തന്നോട് നീതി കാട്ടിയില്ലെന്നാരോപിച്ച് പ്രാഥമിക അംഗത്വം ഒഴികെയുള്ള സ്ഥാനങ്ങളാണ് രാജിവച്ചത്. ഇതിൽ ജില്ലയിലെ മുതിർന്ന നേതാക്കൾക്കും പങ്കുണ്ട്. ഡി.സി.സി അംഗം, എഴുമറ്റൂർ ബ്ലോക്ക് ജനറൽ സെക്രട്ടറി, പ്രഫഷണൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളാണ് രാജിവച്ചതായി കാട്ടി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്, പ്രഫ.പി.ജെ.കുര്യൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.ശിവദാസൻ നായർ എന്നിവർക്ക് കത്ത് നൽകിയത്. ഇതിന്റെ പകർപ്പ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് അയച്ചിട്ടുണ്ട്. ഇനിയും അവഗണന തുടർന്നാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജി വയ്ക്കാൻ ഒരുക്കമാണെന്ന് ഉണ്ണി പ്ലാച്ചേരി പറഞ്ഞു.