mooh
സന്നിധാനത്ത് മകരവിളക്ക് ദർശിക്കുന്ന ജില്ലാ കളക്ടർ പി.ബി നൂഹ്

പത്തനംതിട്ട: 'ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ...., മിസ് യു സർ....' പത്തനംതിട്ടയിൽ നിന്ന് സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടർ പി.ബി നൂഹിന് നാടിന്റെ സ്നേഹോഷ്മളമായ യാത്രയയപ്പ്. സ്ഥലം മാറ്റം അറിഞ്ഞ് നൂഹിന്റെ ഫേസ്ബുക്ക് പേജിൽ വിഷമം അറിയിക്കുന്നവരും പുതിയ ദൗത്യത്തിന് ആശംസകൾ അറിയിക്കുന്നവരും നിരവധി. സഹകരണ രജിസ്ട്രാർ പദവിയാണ് പുതിയ ചുമതല.

2018 ജൂൺ മൂന്നിനാണ് പി.ബി.നൂഹ് പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേറ്റത്. മഹാപ്രളയം നാശം വിതയ്ക്കുന്നതിന് തൊട്ടുമുൻപ് കളക്ടറായി എത്തിയ അദ്ദേഹം പതറാതെ രക്ഷാപ്രവർത്തനത്തിന്റെ നേതൃത്വം ഏറ്റെടുത്തു. കൊവിഡ് ജില്ലയെ ദുരിതത്തിലേക്ക് തള്ളിവിട്ടപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥർക്ക് കരുത്ത് പകർന്നത് നൂഹിന്റെ നേതൃത്വമായിരുന്നു. കൊവിഡ് വ്യാപനം തടയാൻ ആരോഗ്യം, പഞ്ചായത്ത് വകുപ്പുകളെ ഏകോപിപ്പിച്ച് സമയോചിതമായി തീരുമാനങ്ങൾ എടുക്കുന്നതിൽ കളക്ടർ കാര്യക്ഷമത തെളിയിച്ചു. ജില്ലയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച ആദ്യ നാളുകളിൽ രോഗികളുട‌െ സഞ്ചാരപാത തയ്യാറാക്കുന്നതിലും മറ്റും ആരോഗ്യ വകുപ്പുമായി ചേർന്നു നടത്തിയ പ്രവർത്തനം ശ്രദ്ധേയമായിരുന്നു. മികച്ച രീതിയിൽ കൊവിഡ് പ്രവർത്തനം നടത്തിയതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജില്ലാ ഭരണകൂടത്തെ അഭിനന്ദിച്ചിരുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ എല്ലാ ദിവസവും ലൈവ് ആയി എത്തിയ കളക്ടർ സ്വയം പുകഴ്ത്തൽ നടത്തുന്നതായി വിമർശനവും കേട്ടു.

കൊവിഡ് പ്രതിസന്ധിക്കിടയിൽ നടന്ന ശബരിമല തീർത്ഥാടനം വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നൂഹ് പത്തനംതിട്ടയിൽ നിന്ന് പോകുന്നത്. ഇന്നലെ മകരവിളക്ക് ആഘോഷത്തിന്റെ ക്രമീകരണങ്ങൾക്ക് ശബരിമലയിൽ എത്തി നേതൃത്വം നൽകിയതും അദ്ദേഹമായിരുന്നു. മൂവാറ്റുപുഴ സ്വദേശിയായ നൂഹ് 2012 സിവിൽ സർവീസ് ബാച്ച് അംഗമാണ്.

>>>

'' സർവീസ് ജീവിതത്തിൽ മറക്കാനാകാത്ത അനുഭവങ്ങളാണ് പത്തനംതിട്ട ജില്ല നൽകിയത്. ജീവനക്കാരുടെയും ജനങ്ങളുടെയും സഹകരണവും പിന്തുണയും ലഭിച്ചതുകൊണ്ടാണ് പല പ്രതിസന്ധികളും മറികടക്കാനായത്.

പി.ബി.നൂഹ്.