പന്തളം: ജനവാസ കേന്ദ്രത്തിൽ ടവർ നിർമ്മാണം നടത്തുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു. മുടിയൂർക്കോണം ഗുരുക്കശേരിൽ ക്ഷേത്രത്തിനും സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ചിന് സമീപവും ജനങ്ങൾ തിങ്ങിപാർക്കുന്ന സ്ഥലവുമായ ഇവിടെ ജിയോ കമ്പനിയുടെ ടവർ നിർമ്മാണത്തിനാണ് മുനിസിപ്പാലിറ്റി അനുമതി നൽകി നിർമ്മാണമാരംഭിച്ചിട്ടുളളത്. സമീപത്തെ അതിരിൽ നിന്നും അകലം പാലിച്ചേ നിർമ്മാണം നടത്താവു എന്ന നിബന്ധന പോലും പാലിക്കാതെയാണ് നിർമ്മാണം ആരംഭിച്ചിട്ടുള്ളത്. അശാസ്ത്രീയ നിർമ്മാണം നടത്തുന്ന ടവർ നിർമ്മാണത്തിന് മുനി സിപ്പൽ കൗൺസിൽ അറിയാതെയാണ് അനുമതി നൽകിയിരിക്കുന്നത്. ജനവാസ കേന്ദ്രത്തിലും ആരാധാനാലയങ്ങൾക്കു മുമ്പിൽ ടവർ നിർമ്മിക്കാൻ അനുമതി നൽകിയ മുനിസിപ്പൽ കൗൺസിൽ അറിയാതെ നൽകിയ തീരുമാനം റദ്ദുചെയ്യണമെന്നും ടവർ നിർമ്മാണം ഉപേക്ഷിക്കുവാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും വാർഡു കൗൺസിലർ കെ.ആർ.വിജയകുമാർ ആവശ്യപ്പെട്ടു.