പത്തനംതിട്ട : ജില്ലാ പൊലീസ് മീഡിയ സെല്ലിലെ മികച്ച മാദ്ധ്യമ റിപ്പോർട്ടിംഗിന് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടറും എഴുത്തുകാരനുമായ സജീവ് മണക്കാട്ടുപുഴയെ ജില്ലാ പൊലീസ് മേധാവി ആദരിച്ചു. പത്രപ്രവർത്തനത്തിൽ പരിശീലനം നേടുകയും ഒരു പത്രത്തിൽ പ്രവർത്തിക്കുകയും ചെയ്ത ശേഷമാണ് സജീവ് മണക്കാട്ടുപുഴ പൊലീസിൽ ചേർന്നത്. രണ്ട് വർഷമായി ജില്ലാ പൊലീസ് മീഡിയ സെല്ലിനു വേണ്ടി പ്രവർത്തിക്കുന്നു. പൊലീസിന്റെ സൽസേവന പത്രവും ലഭിച്ചിട്ടുണ്ട്. കഥകളും കവിതകളും എഴുതുന്ന സജീവിന്റെ 'പെയ്തൊഴിയാത്ത കാലം' എന്ന കഥ പൊലീസ് ഉദ്യോഗസ്ഥരുടെ കഥകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച സല്യൂട്ട് എന്ന പുസ്തകത്തിലുണ്ട്.