ശബരിമല : കൊവിഡ് മഹാമാരിക്കിടയിലും മണ്ഡല മകരവിളക്ക് തീർത്ഥാടനം മികച്ചനിലയിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും. പ്രതിസന്ധികൾക്കിടയിലും മികച്ച സൗകര്യങ്ങളാണ് ഇത്തവണയും ഒരുക്കിയത്. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ്, അന്നദാനം, കുടിവെള്ളം, ടോയ്ലെറ്റ്, ആരോഗ്യ പരിരക്ഷ, പമ്പയിൽ സ്നാനത്തിന് ഷവർ സൗകര്യം ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ മികച്ച രീതിയിലൊരുക്കി ദേവസ്വംബോർഡും വിവിധ വകുപ്പുകളും കൈകോർത്തു.
മല കയറി വരുന്ന ഭക്തർക്ക് പാദങ്ങൾ സാനിറ്റൈസ് ചെയ്യാൻ ഏർപ്പെടുത്തിയ സൗകര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്. വലിയ നടപ്പന്തലിനു മുൻപായി ഒഴുകുന്ന വെള്ളത്തിൽ പാദം കഴുകാനുള്ള സൗകര്യമൊരുക്കി. കാൽ കഴുകിയതിനു ശേഷം സെൻസറോടു കൂടി സ്ഥാപിച്ചിരിക്കുന്ന ഹാൻഡ് സാനിറ്റൈസറിൽ കൈ ശുചിയാക്കുവാൻ സംവിധാനം ക്രമീകരിച്ചു. കൈശുചിയാക്കിയ ശേഷം കാൽ അണുവിമുക്തമാക്കുന്നതിനു വേണ്ടിയുള്ള സാനിറ്റെസർ കൊണ്ട് നിറച്ച ചവിട്ടിയിയും സ്ഥാപിച്ചിരുന്നു. ചവിട്ടിയിലൂടെ കടന്നാൽ മാത്രമേ നടപ്പന്തലിലേക്ക് പ്രവേശിക്കാൻ സാധിക്കുമായിരുന്നുള്ളു.
നഗ്നപാദരായി വരുന്ന ഭക്തജനങ്ങളുടെ കാൽ ശുചിയാക്കൽ പ്രധാനപ്പെട്ടതാണെന്ന കണ്ടെത്തലിനെ തുടർന്നാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. പതിനെട്ടാം പടിക്ക് മുൻപിലും ഹാൻഡ് സാനിറ്റൈസറും, കാൽ ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. സന്നിധാനത്തെ വിവിധ ഇടങ്ങളിൽ പെഡസ്ട്രിയൽ ടൈപ്പ് ഹാൻഡ് സാനിറ്റൈസറുകൾ സ്ഥാപിച്ചു. തൊഴിലാളികൾക്ക് എല്ലാവർക്കും മാസ്കും, ഗ്ലൗസും നൽകി. ഇതിനു പുറമേ തീർത്ഥാടകരോട് നേരിട്ട് ഇടപഴകേണ്ടി വരുന്ന തൊഴിലാളികൾക്ക് മാസ്കും, ഗ്ലൗസും കൂടാതെ ഫേസ് ഷീൽഡും നൽകിയിരുന്നു. ശൗചാലയങ്ങൾ ഓരോ വ്യക്തികൾ ഉപയോഗിച്ചു കഴിയുമ്പോഴും അണുവിമുക്തമാക്കി. ഉപയോഗിച്ച മാസ്കും, ഗ്ലൗസും ഇടുന്നതിനായി പ്രത്യേക ബിന്നുകളും സ്ഥാപിച്ചു. സന്നിധാനത്ത് ആന്റിജൻ പരിശോധനാ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. സന്നിധാനത്ത് വച്ച് രോഗബാധ സ്ഥിരീകരിച്ചവരെ സി.എഫ്.എൽ.ടി.സികളിലേക്ക് നീക്കുന്നതിനായി പ്രത്യേകം സജ്ജീകരിച്ച ആംബുലൻസും ഏർപ്പെടുത്തിയിരുന്നു.
അന്നദാന മണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളിൽ ദിവസവും രാത്രി ഫോഗ് ചെയ്ത് അണുവിമുക്തമാക്കുന്നതിനുള്ള സംവിധാനം ഒരുക്കി. തിരുമുറ്റം, ലോവർ തിരുമുറ്റം, പതിനെട്ടാം പടി നട, മാളികപ്പുറം തിരുമുറ്റം, അപ്പം അരവണ കൗണ്ടർ, വലിയനടപ്പന്തൽ, കെഎസ്ഇബി എന്നിവിടങ്ങൾ ഫയർ ഫോഴ്സ് അണു വിമുക്തമാക്കിയിരുന്നു. തീർത്ഥാടകർ തമ്മിലുള്ള സാമൂഹിക അകലം ഉറപ്പുവരുത്താൻ സന്നിധാനത്ത് മാർക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. വലിയ നടപ്പന്തൽ, അപ്പം, അരവണ, ആടിയ ശിഷ്ടം നെയ്യ്, പ്രസാദം കൗണ്ടറുകൾ, സന്നിധാനം, തിരുമുറ്റം, മാളികപ്പുറം തിരുമുറ്റം എന്നിവിടങ്ങളിലാണ് മാർക്കിംഗ് ചെയ്തിരുന്നത്.
കൊവിഡ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ച ശേഷം മാത്രമാണ് നിലയ്ക്കലിൽ നിന്ന് ഭക്തരെ പമ്പയിലേക്കും തുടർന്ന് സന്നിധാനത്തേക്കും പ്രവേശിപ്പിച്ചത്.