കടമ്പനാട് : മണ്ണടി ചെട്ടിയാരഴികത്ത് കടവ് പാലത്തിന്റെയും അനുബന്ധ റോഡുകളുടെയും നിർമ്മാണം പുരോഗമിക്കുന്നു. കല്ലടയാറിന് കുറുകെ കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. നാല് സ്പാനുകളിലായി നിർമ്മിക്കുന്ന പാലത്തിന്റെ ഇരുകരകളിലെയും വലിയ തൂണുകളുടെ (അബാഡ് മെന്റുകൾ) നിർമ്മാണം പൂർത്തിയായി. ഇതു കൂടാതെ നദിയിലുള്ള മൂന്നു തൂണുകളിൽ ഒന്നിന്റെ നിർമ്മാണം പൂർത്തിയായി. രണ്ടാമത്തേതിന്റെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. മൂന്നാമത്തെ തൂൺ നദിയിൽ ഏറ്റവും ആഴം കൂടിയ ഭാഗത്തായതിനാൽ ഡിസൈൻ മാറേണ്ടി വന്നതിനാൽ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഇതും ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇരുകരകളിലും നാട്ടുകാർ സൗജന്യമായി വിട്ടു കൊടുത്ത സ്ഥലത്തൂടിയുള്ള റോഡിന്റെ നിർമ്മാണവും പുരോഗമിക്കുന്നു. മണ്ണടി ഭാഗത്ത് 280 മീറ്റർ നീളത്തിലും താഴത്തുള്ളക്കട ഭാഗത്ത് 720 മീറ്റർ നീളത്തിലുമാണ് റോഡ് നിർമാണം. 11 മീറ്റർ വീതിയിലും, 130 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്. 20 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചിലവ്.ഇതിൽ 10.12 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പാലം പൂർത്തിയാകുന്നതോടെ കടമ്പനാട്, മണ്ണടി ഭാഗത്തുള്ളവർക്ക് കുളക്കട , പുത്തൂർ വഴി തിരുവനന്തപുരം ഭാഗത്തേക്കും, തിരിച്ച് മണ്ണടി വഴി അടൂരിലേക്കും എളുപ്പ മാർഗമാണ്.
-ചെലവ് 20 കോടി രൂപ
-10 കോടി അനുവദിച്ചു