13-jeevamrutham
ജീവാമൃതം 2021 കുടിവെള്ള അദാലത്ത് തുമ്പമണ്ണിൽ ആരംഭിച്ചു

പന്തളം: അടൂർ മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ചിറ്റയം ഗോപകുമാർ എം.എൽ.എ മുൻകൈ എടുത്ത് നടപ്പിലാക്കുന്ന ജീവാമൃതം 2021 കുടിവെള്ള അദാലത്തിന് തുമ്പമണ്ണിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയയുടെ അദ്ധ്യക്ഷതയിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ അദാലത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ ജനപ്രതിനിധികൾ അവരുടെ വാർഡിലെ കുടിവെള്ള സംബന്ധിയായ വിഷയങ്ങൾ എം.എൽ.എയുടെ മുന്നിൽ അവതരിപ്പിച്ചു. തുമ്പമൺ പഞ്ചായത്തിലെ13 വാർഡുകളിലെ ചില വാർഡുകളിൽ കുടിവെള്ള പ്രശ്‌നം രൂക്ഷമാണന്ന് മെമ്പർമാർ എം.എൽ.എയെ അറിയിച്ചു. കുടിവെള്ളം കിട്ടാൻ ബുദ്ധിമുട്ടുള്ള ഉയർന്ന പ്രദേശങ്ങളിൽ ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് മിനി വാട്ടർ സപ്ലൈ സ്‌കീം സ്ഥാപിക്കുണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. പന്തളം തെക്കേക്കര പഞ്ചായത്തിനും തുമ്പമൺ പഞ്ചായത്തിനും വേണ്ടി പുതിയ പ്രോജക്ട് തയാറാക്കണമെന്ന് നിർദ്ദേശവും അദാലത്തിൽ ഉയർന്നു. നിലവിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിലേക്കായി അടിയന്തരമായി മോട്ടോർ കൂടി നൽകുമെന്നും എം.എൽ. എ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീനാദേവി കുഞ്ഞമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലാലി ജോൺ, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ,രാഷ്ട്രീയ പാർട്ടികളെ പ്രതിനിധികളായ ഉമ്മച്ചൻ,കെ.പി മോഹനൻ, ശ്രീജു തുടങ്ങിയവരും വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ നിസാർ,അസിസ്റ്റന്റ് എൻജിനീയർ സതികുമാരി,ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്‌മെന്റ് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.