vaccine
തിരുവല്ല താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാക്സിൻ എത്തിച്ചപ്പോൾ

തിരുവല്ല: താലൂക്കിൽ വിതരണം ചെയ്യാനുള്ള കൊവിഡ് വാക്സിൻ ഇന്നലെ എത്തിച്ചു. ഇന്ന് മുതൽ വാക്സിൻ വിതരണം ആരംഭിക്കും. തിരുവല്ല താലൂക്ക് ആശുപത്രിയിലും ബിലീവേഴ്സ് ചർച്ച് ആശുപത്രിയിലുമായി ഇന്നലെ ഉച്ചയ്ക്ക് 12നാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും വാക്സിൻ എത്തിച്ചത്. വാക്സിൻ അടങ്ങുന്ന ബോക്സ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ചേർന്ന് നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിച്ചത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.അജയ് മോഹൻ വാക്സിൻ അടങ്ങുന്ന ബോക്സ് ഏറ്റുവാങ്ങി. 1000 ഡോസ് കൊവിഷീൽഡ്‌ വാക്സിനാണ് ആദ്യഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഇതിൽ 500 ഡോസ് താലൂക്ക് ആശുപത്രിയിലും 500 ഡോസ് ബിലീവേഴ്സ് ആശുപത്രിയിലുമായാണ് വിതരണം ചെയ്യുന്നത്. ഐസ് ലൈൻഡ് റഫ്രിജറേറ്ററിലാണ് വാക്സിൻ സൂക്ഷിക്കുന്നത്. ഒരേസമയം 2000 ഡോസ് വാക്സിൻ വരെ സൂക്ഷിക്കാനാകുന്ന സംവിധാനമാണ് താലൂക്ക് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്.

വാക്സിൻ എടുത്ത ശേഷം അരമണിക്കൂർ നിരീക്ഷണം

വാക്സിൻ എടുക്കാൻ വരുന്നവർക്കുള്ള കാത്തിരിപ്പ് മുറി, വാക്സിൻ എടുക്കാനുള്ള മുറി, വാക്സിൻ എടുത്തശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കാനുള്ള മുറി എന്നിങ്ങനെ മുറികൾ വാക്സിൻ വിതരണത്തിനായി താലൂക്ക് ആശുപത്രിയിലെ പി.പി യൂണിറ്റിൽ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള 410 പേർക്കാണ് സർക്കാർ മേഖലയിൽ വാക്സിൻ നൽകുക. ഇന്ന് രാവിലെ 9.30ന് ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.സി.എസ് നന്ദിനിയുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ വാക്സിൻ വിതരണം ആരംഭിക്കും. ചൊവ്വ,വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം ചെയ്യുക. ഒരു ദിവസം 100 പേർക്ക് വരെ വാക്സിൻ നൽകാനാകും.

---------------------------------

കൊവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആരോഗ്യ പ്രവർത്തകർ, ആശാപ്രവർത്തകർ, അങ്കണവാടി വർക്കർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലെ വാക്സിൻ വിതരണം സംബന്ധിച്ച തീയതി വരുംദിവസങ്ങളിൽ അറിയാൻ സാധിക്കും.

(ജില്ലാ മെഡിക്കൽ ഓഫീസർ)

------------------------------------

-ആദ്യഘട്ടത്തിൽ 1000 ഡോസ് കൊവിഷീൽഡ്‌ വാക്സിൻ

-രജിസ്റ്റർ ചെയ്ത് 410 ലപേർക്ക് വാക്സിൻ

- ചൊവ്വ വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ 5 വരെ