പത്തനംതിട്ട: സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളാണേറെയും.
ആറൻമുളയിലെ സുഗതകുമാരിയുടെ തറവാട് സംരക്ഷിത സ്മാരകമാക്കാൻ 2 കോടി അനുവദിച്ചിട്ടുണ്ട്. മലയാള കവിതകളുടെ ദൃശ്യ, ശ്രാവ്യ ശേഖരവും മ്യൂസിയവും സ്ഥാപിക്കും. പുനലൂർ - പൊൻകുന്നം റോഡ് വികസനം ബഡ്ജറ്റിൽ ഉൾപ്പെടുത്തി. ശബരി വിമാനത്താവളം, ഇടുക്കി, കാസർകോട് എയർസ്ട്രിപ്പ് എന്നിവയുടെ പദ്ധതി രൂപീകരണത്തിന് 9 കോടി അനുവദിച്ചു. ശബരി റെയിൽ പാത നിർമാണത്തിന് 2000 കോടി നീക്കിവച്ചിട്ടുണ്ട്. എന്നാൽ, റെയിൽ പാത എരുമേലിയിൽ നിന്ന് പുനലൂരിലേക്ക് നീട്ടണമെന്ന ആവശ്യം ബഡ്ജറ്റിന്റെ പരിഗണനയ്ക്ക് വന്നിട്ടില്ല.
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നിർമാണം തുടങ്ങാൻ തീരുമാനിച്ചത് ബഡ്ജറ്റിൽ പരാമർശിക്കുന്നു. റബറിന്റെ താങ്ങുവിലെ 170 രൂപയായി ഉയർത്തിയത് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടള്ള റബർ കർഷകർക്ക് ആശ്വാസം നൽകുന്നതാണ്. നെല്ല് സംഭരണ വില 28രൂപയാക്കിയത് അപ്പർകുട്ടനാട്ടിലെയടക്കം നെൽകർഷകർക്ക് ഉണർവേകും.
റബർ,നെല്ല് കർഷകർക്ക് ആശ്വാസം,
അഭിമാനമായി ശബരി റെയിൽ പാത
കോന്നിയിൽ
വമ്പൻ പദ്ധതികൾ
കോന്നി ബൈപാസിന് 40 കോടി
ടൗണിൽ ഫ്‌ളൈ ഓവറിന് 70 കോടി
പ്രമാടം സ്റ്റേഡിയത്തിന് 10 കോടി
കോടതി നിർമ്മാണത്തിന് 10 കോടി.
കലഞ്ഞൂരിൽ പോളിടെക്‌നികിന് 50 കോടി
മലഞ്ചരക്ക് സുഗന്ധവ്യഞ്ജന
സംഭരണ സംസ്‌കരണ കേന്ദ്രത്തിന് രണ്ടുകോടി
പി.ഡബ്‌ളിയു.ഡി റസ്റ്റ് ഹൗസിന് 10 കോടി
വള്ളിക്കോട്ട് ഗവ.ഐ.ടി.ഐയ്ക്ക് 25 കോടി
താലൂക്ക് ആശുപത്രിയിൽ പേ വാർഡിന് 5 കോടി
9 പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിക്ക് 800 കോടി
കോന്നിയുടെ ദീർഘകാലത്തെ വികസന ആവശ്യങ്ങൾക്ക് ഈ ബഡ്ജറ്റിലൂടെ പരിഹാരമാകും. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വികസന നേട്ടമാണ് കഴിഞ്ഞ 2 ബഡ്ജറ്റിലൂടെ കോന്നിക്ക് ലഭ്യമായത്.
കെ.യു. ജനീഷ് കുമാർ എം.എൽ.എ
അടൂരിൽ 70.20
കോടിയുടെ പദ്ധതികൾ
അടൂർ: നിയോജക മണ്ഡലത്തിൽ 70.20 കോടിയുടെ വികസന പദ്ധതികൾ ബഡ്ജറ്റിൽ ഇടംപിടിച്ചു. അടൂരിൽ സാംസ്കാരിക സമുച്ചയം, ഫയർസ്റ്റേഷൻ കെട്ടിട നിർമ്മാണം, പുതിയകാവിൽ ചിറ ടൂറിസം പദ്ധതി, കെ. എസ്. ആർ.ടി.സി ജംഗ്ഷനിൽ ഫുട് ഓവർബ്രിഡ്ജ് തുടങ്ങിയ നിരവധി പദ്ധതികളാണ് കഴിഞ്ഞ നാല് ബഡ്ജറ്റുകളിലെന്നപോലെ ഇത്തവണയുമുള്ളത്.
പദ്ധതികളും ഉൾപ്പെടുത്തിയ തുകയും
അടൂർ പി.ഡബ്ല്യു.ഡി കോംപ്ലക്സിന് - 3 കോടി
ഫയർ സ്റ്റേഷൻ മന്ദിരം - 5 കോടി.
പള്ളിക്കൽ ആറിന്റെ തീരസംരക്ഷണം : 8 കോടി
ഫുട് ഓവർബ്രിഡ്ജ് നിർമ്മാണം : 5.50 കോടി
അടൂർ സാംസ്കാരിക സമുച്ചയം : 5 കോടി
പുതിയകാവിൽചിറ ടൂറിസം പദ്ധതി : 5 കോടി
അടൂർ റവന്യൂ കോംപ്ലക്സിന് : 2 കോടി
അടൂർ ഹോമിയോ കോംപ്ലക്സിന് : 8 കോടി
പന്തളം സബ് രജിസ്ട്രാർ ഓഫീസ് മന്ദിരം: 2 കോടി
പന്തളം സബ്ട്രഷറി മന്ദിരം : 2 കോടി
കുരമ്പാല - മണികണ്ഠനാൽത്തറ റോഡിന്: 5 കോടി
പന്തളം ചിറമുടി പദ്ധതിക്ക് : 2 കോടി
തേപ്പുപാറ - പറക്കോട് - പന്നിവിഴ റോഡിന് : 15 കോടി
കഴിഞ്ഞ വർഷം തുക അനുവദിച്ച ചില പദ്ധതികൾക്ക് ഈ വർഷവും തുക അനുവദിച്ചിട്ടുണ്ട്. മണ്ഡലത്തിന് ബഡ്ജറ്റിൽ ആവശ്യമായ പരിഗണന ലഭിച്ചിട്ടുണ്ട്.
ചിറ്റയം ഗോപകുമാർ എം.എൽ.എ
റാന്നിയിൽ പതിവ്
പദ്ധതികൾ മാത്രം
ബഡ്ജറ്റിൽ പതിവായി ഇടംതേടിയിരുന്ന പദ്ധതികൾ മാത്രമാണ് ഇത്തവണയും ഉള്ളത്. റാന്നി താലൂക്ക് ആശുപത്രി കെട്ടിടം, റാന്നി മിനി സിവിൽ സ്റ്റേഷൻ, പെരുനാട് മിനി സിവിൽ സ്റ്റേഷൻ എന്നിവയ്ക്ക് കെട്ടിടങ്ങൾ എന്നതാണ് എടുത്തുപറയാനുള്ളത്. സ്കൂളുകൾക്കും പി.എച്ച്.സികൾക്കും കെട്ടിടമെന്ന പതിവ് ഇത്തവണയുമുണ്ടായി.
നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകൾ, ബൈപ്പാസുകൾ ഫ്‌ളൈ ഓവറുകൾ എന്നിവ പുതുമയായി. കൊറ്റനാട് ഖാദി വ്യവസായ കേന്ദ്രം, റബ്ബർ പാർക്ക് , വ്യവസായ പാർക്ക്, ചെറുകോൽ - നാരങ്ങാനം - റാന്നി, അങ്ങാടി - കൊറ്റനാട്, എഴുമറ്റൂർ , കോട്ടാങ്ങൽ , പെരുന്തേനരുവി ,വടശ്ശേരിക്കര, കൊല്ലമുള എന്നീ ജലവിതരണ പദ്ധതികളുടെ നിർമാണം, വലിയകാവ് ഔഷധ സസ്യ ഉദ്യാനം, താലൂക്ക് ആയുർവേദ ആശുപത്രി കെട്ടിടം എന്നീ പദ്ധതികൾ ആവർത്തനമായി.
തിരുവല്ലയിൽ
100 കോടിയുടെ പദ്ധതി
തിരുവല്ല: സംസ്ഥാന ബഡ്ജറ്റിൽ തിരുവല്ല നിയോജകമണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി നൂറ് കോടിയിലേറെ രൂപയുടെ പദ്ധതികൾ ഇടംപിടിച്ചു. എം.സി റോഡിലെ തിരക്കേറിയ മുത്തൂരിൽ ഫ്‌ളൈ ഓവർ സ്ഥാപിക്കാൻ 25 കോടി രൂപയുടെ പദ്ധതിക്ക് പണം വകയിരുത്തിയതാണ് പ്രധാനം. എം.സി റോഡ് കൂടാതെ നാല് റോഡുകൾ കൂടി സംഗമിക്കുന്ന മുത്തൂരിൽ ഫ്‌ളൈ ഓവർ സാധ്യമായാൽ വർദ്ധിച്ചുവരുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ആശ്വാസമാകും. നഗരസഭയിലെ മന്നംകരച്ചിറ പാലം വീതികൂട്ടി നിർമ്മിക്കാൻ 10 കോടി, നിരണം ഡക്ക് ഫാം -ആലംതുരുത്തി - കുത്തിയതോട് - ഇരമല്ലിക്കര റോഡിന് 20 കോടി എന്നിവ ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ ഒൻപത് റോഡുകളും ഒരുപാലവും നവീകരിക്കുന്ന പദ്ധതികൾ ബഡ്ജറ്റിൽ പരാമർശിച്ചു. എല്ലാത്തിനും ടോക്കൺ അഡ്വാൻസ് മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരത്തുംമൂട് - ചാത്തങ്കരി - മണക്ക് ആശുപത്രി റോഡ്, പന്നായി - തേവേരി റോഡ്, കടപ്ര - വീയപുരം ലിങ്ക് ഹൈവേ, കാവനാൽ കടവ് റോഡ്, നടയ്ക്കൽ - മുണ്ടിയപ്പളളി - പുന്നിലം റോഡ്, മൂശാരിക്കവല - മാന്താനം റോഡ് എന്നിവയും നവീകരണ പദ്ധതിക്കായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മാത്യു ടി. തോമസിന് പങ്കെടുക്കാനായില്ല
തിരുവല്ല: കൊവിഡ് മാനദണ്ഡപ്രകാരം ക്വാറന്റീനിൽ ആയതിനാൽ ബഡ്ജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ മാത്യു ടി.തോമസിന് സാധിച്ചില്ല. അനുവദിക്കപ്പെട്ട പദ്ധതികളുടെ മുഴുവൻ വിശദാംശവും ലഭ്യമായിട്ടില്ല. പ്രധാനപ്പെട്ട 22 പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്താൻ നൽകിയിരുന്നത്. പ്രാധാന്യമുള്ള എല്ലാ പണികൾക്കും അനുമതി ലഭിക്കുമെന്നാണ് വിശ്വാസം.