മല്ലപ്പള്ളി : എൽ.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിൽ ഇന്നലെ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വൻനേട്ടം. വികസന കാര്യവും, ക്ഷേമകാര്യവുമാണ് യു.ഡി.എഫ്. തന്ത്രപരമായി നേടിയത്. നിലവിൽ കക്ഷിനില എൽ.ഡി.എഫ്-8, യു.ഡി.എഫ്-5.ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൺസ് ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അഡ്വ.പ്രകാശ് ചരളേൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ലൈല അലക്‌സാണ്ടർ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി സി.പി.എം. അംഗം സി.എൻ മോഹൻ വിജയിച്ചു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും വൈസ് പ്രസിഡന്റുമായ റീമി ലിറ്റി കൈപ്പള്ളിലാണ് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ. പ്രസിഡന്റ് പദവി ജനറൽ ആയിരിക്കെ വനിതയെ പ്രസിഡന്റാക്കിയതിനാലും,എല്ലാ കമ്മികളിലും ഒരു സീറ്റ് വനിതാ സംവരണമായതുമാണ് ഭരണപക്ഷത്തിന് വിനയായത്.സ്റ്റാൻഡിംഗ് കമ്മിറ്റികളിലെ അംഗങ്ങൾ ധനകാര്യം - ജ്ഞാനമണി മോഹനൻ, ജോസഫ് ജോൺ. വികസനകാര്യം -ഈപ്പൻ വർഗീസ്, അമ്പിളി പ്രസാദ്. ക്ഷേമകാര്യം - സുധി കുമാർ, സിന്ധു സുഭാഷ് കുമാർ. ആരോഗ്യം - ബാബു കൂടത്തിൽ, ആനി രാജു.