പന്തളം: പന്തളം - മാവേലിക്കര റോഡരികിലുള്ള റബർ തോട്ടത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി. കഴിഞ്ഞരാത്രിയിൽ ഐരാണിക്കുഴി പാലത്തിനു സമീപം മുടിയൂർക്കോണം മുക്കിൻപീടികയിൽ ശാലോം വില്ലയിൽ പി.ജി. ജോഷ്വയുടെ റബർ തോട്ടത്തിലേക്കാണു സാമൂഹ്യ വിരുദ്ധർ മാലിന്യം ഒഴുക്കിയത്. ദുർഗന്ധം കാരണം വഴിനടക്കാനാകുന്നില്ല. നഗരസഭദ്ധ്യക്ഷ സുശീല സന്തോഷ്, കൗൺസിലർ സൗമ്യ സന്തോഷ് എന്നിവരും പന്തളം പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് കേസെടുത്തു. സമീപത്തെ വീടുകളിലുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാരെ കണ്ടെത്തുമെന്ന് പൊലീസ് പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന പാതകളിലൊന്നാണ് ഇത്. റോഡിന്റെ ഈ ഭാഗത്ത് ഇരുവശങ്ങളിലും മാലിന്യം തള്ളുന്നതു കാരണം വർഷങ്ങളായി ജനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടിലാണ്. നാട്ടുകാരുടെ നിരന്തരമായ ആവശ്യപ്രകാരം മുൻ നഗരസഭാ ഭരണ സമിതി ഒരു വർഷം മുമ്പ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനായി രണ്ടു തൂണുകൾ സ്ഥാപിച്ചതല്ലാതെ പിന്നീടൊന്നും നടന്നില്ല. കാമറ സ്ഥാപിക്കാൻ ഉടൻ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാദ്ധ്യക്ഷ അറിയിച്ചു.