ആറന്മുള: കവയിത്രി സുഗതകുമാരിയുടെ ആറന്മുളയിലെ വാഴുവേലിൽ തറവാട് സംരക്ഷിത സ്മാരകമാക്കാൻ രണ്ടുകോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചു. മലയാള കവിതകളുടെ ദൃശ്യ ശ്രവ്യ ശേഖരവും മ്യൂസിയവും ഇവിടെ ഒരുക്കും.
പ്രകൃതിയ്ക്കും മനുഷ്യനും വേണ്ടി ജീവിച്ച നാടിന്റെ പ്രിയ കവയിത്രിയ്ക്ക് മരണാനന്തരവും അർഹമായ അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ജന്മനാട്. വാഴുവേലിൽ ട്രസ്റ്റാണ് പുരാവസ്തു വകുപ്പിന് സുഗതകുമാരിയുടെ തറവാട് കൈമാറിയത്. പ്രൊഫ. ഹ്യദയകുമാരി, സുഗതകുമാരി, സുജാതാ ദേവി എന്നിവരാണ് അംഗങ്ങൾ.
2018ലെ പ്രളയത്തിൽ തറവാടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പിന്റെ ചുമതലയിൽ പുനർ നിർമ്മാണം തുടങ്ങിയിരുന്നു. തറവാട് അതേ രീതിയിൽ പുന:സൃഷ്ടിക്കുന്ന ജോലികൾ അന്തിമ ഘട്ടത്തിലാണ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ കമ്പനിയാണ് പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്.