vaccine
തി​രുവല്ല താലൂക്ക് ആശുപത്രി​യി​ൽ കൊവി​ഡ് വാക്സി​ൻ വി​തരണത്തി​ന് എത്തി​ച്ചപ്പോൾ

പത്തനംതിട്ട : കൊവിഡ് വാക്‌സിനേഷൻ ഇന്നു മുതൽ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഒൻപത് കേന്ദ്രങ്ങളിൽ നടക്കും. രാവിലെ ഒൻപതു മുതൽ രജിസ്‌ട്രേഷൻ ആരംഭിക്കും. 10.30ന് പ്രധാനമന്ത്രിയുടെ വെബ്കാസ്റ്റിംഗിനു ശേഷം വാക്‌സിനേഷൻ തുടങ്ങും. ആദ്യഘട്ടത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിൻ നൽകുന്നത്. രണ്ടാംഘട്ടത്തിൽ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മുൻനിര പ്രവർത്തകർക്കും, മൂന്നാംഘട്ടത്തിൽ പൊതുജനങ്ങൾക്കുമാണ് വാക്‌സിൻ നൽകുക.
ആദ്യ ഡോസ് വാക്‌സിൻ എടുത്തവർക്ക് രണ്ടാം ഡോസ് വാക്‌സിനും ഉറപ്പുവരുത്തും. വാക്‌സിൻ എടുത്തു കഴിഞ്ഞാലും നിലവിലുള്ള കൊവിഡ് പ്രതിരോധ മാർഗങ്ങൾ എല്ലാവരും പാലിക്കേണ്ടതാണ്. ഒരു ദിവസം ഒരു സെന്ററിൽ 100 പേർക്കാണ് വാക്‌സിൻ നൽകുക. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ രാവിലെ ഒൻപതു മുതൽ
വൈകിട്ട് അഞ്ചുവരെയാണ് കുത്തിവയ്പ്പ്. വാക്‌സിൻ സ്വീകരിക്കാനായി എപ്പോൾ ഏത് കേന്ദ്രത്തിൽ എത്തണമെന്നത് സംബന്ധിച്ച് ആരോഗ്യപ്രവർത്തകർക്ക് മൊബൈലിൽ സന്ദേശം ലഭിക്കും. വാക്‌സിനേഷനു ശേഷം ഏതെങ്കിലും വ്യക്തിക്ക് പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
വാക്‌സിനേഷനായി വരുന്നവർ തിരിച്ചറിയൽ രേഖയായി ആധാർ കൊണ്ടുവരണം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, 18 വയസിൽ താഴെയുള്ളവർ എന്നിവർക്ക് വാക്‌സിൻ നൽകില്ല. വാക്‌സിൻ വിതരണത്തിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.എൽ. ഷീജ അറിയിച്ചു. വാക്‌സിനേഷനു മുന്നോടിയായി ജില്ലയിലെ ക്രമീകരണങ്ങൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ വെള്ളിയാഴ്ച അവലോകനം ചെയ്തു.