ചെങ്ങന്നൂർ: സംസ്ഥാന ബഡ്ജറ്റിൽ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിന് 133 കോടി രൂപയുടെ വികസന പദ്ധതികൾ.

മാന്നാർ, ചെങ്ങന്നൂർ, ആറന്മുള വിനോദസഞ്ചാര പൈതൃക സർക്യൂട്ട് പദ്ധതിക്ക് 50 കോടിയും,ഉത്തരപ്പള്ളിയാർ പുനരുജ്ജീവനത്തിന് 15 കോടിയും ഉൾപ്പെടുത്തി. വിനോദ സഞ്ചാര മേഖലയുടെ വികസനത്തിനായി വെൺമണി കുതിരവെട്ടം ചിറ ടൂറിസം പദ്ധതിക്ക് രണ്ടു കോടിയും, ആലാ പുമലച്ചാൽ ജല ടൂറിസം പദ്ധതിക്ക് മൂന്നു കോടിയും വകയിരുത്തി. 25 കോടി ചിലവഴിച്ച് പൊതുവിദ്യാലയങ്ങളുടെ കെട്ടിടങ്ങൾ നവീകരിക്കും.12 കോടി ചിലവഴിച്ച് ഉളുന്തിയിൽ പുതിയ പാലം നിർമ്മിക്കും. ഗ്രാമീണ റോഡുകളുടെ നിർമ്മാണത്തിനായി 10 കോടി രൂപ അനുവദിച്ചു. പി.ഐ.പി കനാലുകളുടെ നവീകരണത്തിന് ആറു കോടി രൂപ ഉൾപ്പെടുത്തി. രണ്ടര കോടി ചിലവഴിച്ച് വിവിധ പട്ടികജാതി കോളനികൾ നവീകരിക്കും. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ നവീകരണത്തിനായി രണ്ടര കോടിയും രജിസ്‌ട്രേഷൻ ഓഫീസ് നിർമ്മാണത്തിന് അഞ്ചു കോടിയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാന ബഡ്ജറ്റിൽ ചെങ്ങന്നൂരിന് അർഹമായ പരിഗണന നൽകിയ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കിനും സജി ചെറിയാൻ എം.എൽ.എ നന്ദി അറിയിച്ചു.

മാന്നാർ, ചെങ്ങന്നൂർ, ആറന്മുള വിനോദസഞ്ചാര പൈതൃക സർക്യൂട്ട് പദ്ധതി


ചെങ്ങന്നൂർ-ആറന്മുള മണ്ഡലങ്ങളുടെ പരമ്പരാഗത വ്യവസായങ്ങളേയും കരകൗശല മേഖലെയും സംരക്ഷിക്കുന്നതിനോടൊപ്പം ഈ മേഖലയിലെ പഴയ കാല പ്രതാപങ്ങളുടെ പ്രതീകമായ ആരാധനാലയങ്ങളെയും സാംസ്‌കാരിക സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്ന മാന്നാർ, ചെങ്ങന്നൂർ, ആറന്മുള വിനോദസഞ്ചാര പൈതൃക സർക്യൂട്ട് പദ്ധതിക്ക് രൂപ 50 കോടി ബഡ്ജറ്റിൽ അനുവദിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടു കൂടി മാന്നാറിലെ ഓട്, വെള്ളി നിർമ്മാണ മേഖല, ചെങ്ങന്നൂരിലെ ശില്പ നിർമ്മാണം, കളിമൺപാത്ര നിർമ്മാണം, ആറന്മുള കണ്ണാടി നിർമ്മാണം എന്നിവയ്ക്ക് ഉണർവേകും. ഒപ്പം പമ്പാനദിയെ ബന്ധിപ്പിച്ച് വിവിധ സാംസ്‌കാരിക, പൈതൃക സ്ഥാപനങ്ങളുടെ ഉന്നമനത്തിനും വഴി തെളിക്കും. തലശേരിയിലും, ആലപ്പുഴയിലും ആരംഭിച്ച പൈതൃക സംരക്ഷണ പദ്ധതിക്ക് ശേഷം ചെങ്ങന്നൂരിലും നടപ്പാവുകയാണ്.


ഉത്തരപ്പള്ളിയാർ പുനരുജ്ജീവനം
ഉത്തരപ്പള്ളിയാറിന്റെ പുനരുജ്ജീവനത്തിനായി 15 കോടി രൂപ അനുവദിച്ചു. ഇതോടെ വരട്ടാറിനും കുട്ടമ്പേരൂർ ആറിനും ശേഷം മണ്ഡലത്തിൽ ഒരു നദി കൂടി പുനരുജ്ജീവിക്കും.