തിരുവല്ല: താലൂക്കിലെ ഭരണസിരാകേന്ദ്രമായ തിരുവല്ല റവന്യൂ ടവർ പരിസരത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ടവറിന്റെ മുൻവശത്ത് തറയോട് പാകിയുള്ള നവീകരണ പ്രവർത്തനങ്ങളാണ് തുടങ്ങിയിരിക്കുന്നത്. ജോലികളുടെ ഭാഗമായി ജെ.സി.ബി ഉപയോഗിച്ച് ടവറിന്റെ മുൻഭാഗത്തെ ഭൂമി നിരപ്പാക്കുന്ന പണികളാണ് തുടങ്ങിയത്. ടവറിന്റെ ചുറ്റുപാടുമായി 18000 ചതുരശ്ര അടിയിൽ ഭൂമി തറയോട് പാകി വാഹന പാർക്കിംഗിന് അനുയോജ്യമാക്കും. താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ, കോടതികൾ, വ്യാപാര കേന്ദ്രങ്ങൾ തുടങ്ങി നൂറിലേറെ സ്ഥാപനങ്ങളാണ് റവന്യു ടവറിന്റെ നാലുനിലകളിലായി പ്രവർത്തിക്കുന്നത്. നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ദിവസേന വന്നുപോകുന്ന ടവറിന്റെ പരിസരങ്ങൾ വൃത്തിഹീനമായിരുന്നു. മാത്രമല്ല കാലങ്ങളായി മഴക്കാലത്ത് ചെളിക്കുളമായി ദുരിതങ്ങളും ഏറെയാണ്. ബഹുനില കെട്ടിടത്തിന്റെ ചുറ്റുപാടും എത്തിച്ചേരാനുള്ള റോഡും നിർമ്മിക്കും. റോഡിനോട് ചേർന്നുള്ള ഭാഗങ്ങൾ തറയോട് പാകി പാർക്കിംഗിനായി സജ്ജമാക്കും. മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 38.7ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത മാസം പകുതിയോടെ പൂർത്തിയാകും
വകുപ്പ് അസി.എൻജിനിയർ
(പൊതുമരാമത്ത് )
-18000 ചതുരശ്ര അടിയിൽ ഭൂമി തറയോട് പാകും
-നവീകരണത്തിന് 38.7 ലക്ഷം രൂപ