പത്തനംതിട്ട : ടി.കെ റോഡിൽ പത്തനംതിട്ട കളക്ടറേറ്റ് പടിയ്ക്ക് മുമ്പായി അപകടങ്ങൾ പതിവാകുന്നു. റോഡിലെ പത്തിഞ്ചോളം വരുന്ന കട്ടിംഗ് ഉള്ളതിനാൽ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ഇറക്കുമ്പോൾ പാളിമാറി അപകടമുണ്ടാകുകയാണ് പതിവ്. ദിവസവും ഒരു വാഹനമെങ്കിലും ഇവിടെ അപകടത്തിൽപ്പെടാറുണ്ട്. സമീപത്തുള്ള വ്യാപാരികളും കടയിലെത്തുന്നവരുമാണ് അപകടത്തിലായവരെ രക്ഷപ്പെടുത്തുന്നത്.

രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവ് കഴിഞ്ഞ ദിവസം ഇവിടെ അപകടത്തിൽ മരിച്ചിരുന്നു. ഇന്നലെ പ്രായമായ ഒരാളുടെ കൈയ്യിൽ നിന്ന് വാഹനം തെന്നി മാറി അപകടമുണ്ടായി. ഈ പ്രദേശത്ത് എം.ടി.എം സൗകര്യമുള്ളതിനാൽ നിരവധിയാളുകൾ വന്നു പോകുന്നയിടം കൂടിയാണിത്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്ന് ട്രാഫിക് കഴിഞ്ഞ് വേഗത്തിൽ വരുന്ന വാഹനങ്ങളിൽ പലതും ഇവിടേക്ക് ഇടിച്ചിറങ്ങാറുണ്ട്. വളവ് കൂടിയായതിനാൽ അപകട സാദ്ധ്യത ഏറെയാണ്. കളക്ടറേറ്റിന്റെ പ്രധാന ഗേറ്റിന്റെ അടുത്ത് തന്നെയാണ് ഈ അപകടമേഖല. രാത്രിയിൽ അപകടമുണ്ടായാൽ വളവ് ആയതിനാൽ ആർക്കും പെട്ടന്ന് കാണാൻ കഴിയാത്ത സ്ഥലമാണിത്. ടി.കെ റോഡിന്റെ ഇരുവശത്തും റോഡിന് ഉയരമുള്ളതിനാൽ അപകടങ്ങൾ പതിവാണ്. റോഡിനിരുവശത്തുമുള്ള വ്യാപാരികൾ നഗരസഭയിൽ പരാതി അറിയിച്ചെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ല.

കട്ടിംഗ് നികത്തണമെന്ന് നഗരസഭയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൗൺസിലർ പരിഹരിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. ഇനിയും വലിയൊരു അപകടം ഉണ്ടാകുന്നതിന് മുമ്പേ ഇവിടം നികത്തണം. അധികൃതർ അലംഭാവം കാണിക്കരുത്. കടയിലേക്കും വാഹനങ്ങൾ ഇടിച്ച് കയറാൻ സാദ്ധ്യതയുണ്ട്.

കോശി ജോർജ്

(വ്യാപാരി)