പന്തളം: കുരമ്പാല പുത്തൻകാവിൽ ക്ഷേത്രം പൂഴിക്കാട് വലക്കടവ് റോഡ് ഉടൻ ടെണ്ടർ ചെയ്യുമെന്ന്ചിറ്റയം ഗോപകുമാർ എം.എൽ.എ.പത്രസമ്മേളനത്തിൽ അറിയിച്ചു. അഞ്ച് കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചത് പ്രകാരം ഭരണാനുമതി ലഭിക്കുന്നതിനായി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്. നിലവിലെ ബഡ്ജറ്റിലും അഞ്ച് കോടി അനുവദിച്ചിട്ടുണ്ട്. ട്രാഫിക് പരിഷ്‌കരണത്തിനായി 80 ലക്ഷം കൂടിയും അനുവദിച്ചു. ഉടൻ തന്നെ നിർമ്മാണം തുടങ്ങും. ഇതിന്റെ ടെൻഡർ നടപടികൾ വേഗത്തിലാക്കുന്നതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ബിനു, എ.ഇ.മനു അടക്കമുള്ളവർ ശനിയാഴ്ച പൂഴിക്കാട് റോഡ് സന്ദർശിച്ച് എസ്റ്റിമേറ്റ് എടുത്ത് ടെൻഡർ നടപടിക്കായി ടെക്‌നിക്കൽ അനുമദിക്ക് വേണ്ടി സർക്കാരിൽ കൊടുത്തു. 31നകം തന്നെ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. ഗ്രാമപഞ്ചായത്ത് ആയിരിക്കുമ്പോൾ പഞ്ചായത്തും നഗരസഭ ആയിരിക്കുമ്പോൾ നഗരസഭയും ചെയ്യേണ്ട ഉത്തരവാദിത്വം ആയിരുന്നു ഗ്രാമീണ റോഡുകളുടെ നിർമ്മാണം. നിലവിൽ ഇപ്പോൾ അരങ്ങേറുന്ന സംഭവങ്ങൾ വെറും പുകമറ സൃഷ്ടിക്കാനാണെന്നും എം.എൽ.എ.പറഞ്ഞു. രാഷ്ട്രീയപ്രേരിതമായി വിളിച്ചുകൂട്ടുന്ന യോഗങ്ങൾ ജനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും എം.എൽ.എ പറഞ്ഞു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രദീപ്, എൽ.സി.മെമ്പർ എം.കെ.മുരളീധരൻ,സി.പി.ഐ.നേതാക്കളായ എസ്.രാജന്ദ്രൻ,ആർ.ജയൻ,ബി.വിജയൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.